ad
Deshabhimani

print edition കെപിപിഎൽ പുതിയ
വികസനഘട്ടത്തിലേക്ക്‌

kppl velloor
വെബ് ഡെസ്ക്

Published on Feb 23, 2026, 02:23 AM | 1 min read


കോട്ടയം

വെള്ളൂരിലെ കേരള പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ(കെപിപിഎൽ) ഉൽപാദനശേഷി വർധിപ്പിക്കലിന്റെയും ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണത്തിന്റെയും ഉദ്‌ഘാടനം 25ന്‌ നടക്കും. 741 കോടിയുടെ ബൃഹത്തായ പദ്ധതികൾ പകൽ മൂന്നിന്‌ മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.


കടലാസ്‌ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലേക്ക്‌ കടന്നാണ്‌ ഉൽപാദനനിര വിപുലീകരിക്കുന്നത്‌. സ്‌പെഷ്യാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിങ്‌ പേപ്പറുകളും നിർമിക്കും. ഇതിന്‌ വിപണിസാധ്യത ഏറെയാണ്‌. ഇതിന്റെ ഭാഗമായി ആധുനിക യന്ത്രസംവിധാനങ്ങളിലൂടെ ഉൽപാദനശേഷി ഉയർത്തും. ഇതുവഴി കെപിപിഎലിന്‌ ദീർഘകാല സുസ്ഥിരതയും വളർച്ചയും ഉറപ്പാക്കും.


741 കോടി രൂപയിൽ 541 കോടി ബാങ്കുകളുടെ കൺസോർഷ്യം വഴിയാണ്‌ ലഭ്യമാക്കുന്നത്‌. സർക്കാരിന്റെ ഓഹരിയായ 175 കോടിയും കെഎസ്‌ഐഡിസിയുടെ ഓഹരിയായ 25 കോടിയും നേരത്തേ അനുവദിച്ചിരുന്നു. നോട്ട് ബുക്കുകൾ, പാഠപുസ്‌തകങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്ന കടലാസ്‌, പ്രിന്റിങ്‌ കടലാസ്‌, കോപ്പിയർ കടലാസ്‌ എന്നിവയും ഉൽപാദിപ്പിക്കും. ഉയർന്ന ചരക്കുകൂലി കാരണം ഇവയെല്ലാം നിലവിൽ ഇതരസംസ്ഥാനങ്ങളിൽനിന്നാണ്‌ വാങ്ങാറുള്ളത്.


പദ്ധതി പൂർത്തീകരിച്ച് പ്ലാന്റുകൾ പൂർണമായി പ്രവർത്തനക്ഷമമാക്കുന്നതോടെ 1,500 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കെപിപിഎൽ മാറും. പദ്ധതിയുടെ നിർമാണ കാലാവധി 24 മാസമാണ്. ​ 2019-ൽ പൂർണമായി പ്രവർത്തനം നിലച്ച പഴയ കേന്ദ്രസർക്കാർ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാൻ ന്യൂസ്‌ പ്രിന്റ്‌ ലിമിറ്റഡിനെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത്‌ കെപിപിഎൽ രൂപീകരിക്കുകയായിരുന്നു. ഇന്ത്യയിലെ മുൻനിര പത്രസ്ഥാപനങ്ങൾക്ക് അന്താരാഷ്ട്ര ഗുണനിലവാരമുള്ള ന്യൂസ്‌ പ്രിന്റ്‌ വിതരണം ചെയ്യുന്ന മികച്ച സ്ഥാപനമായി കെപിപിഎൽ വളർന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home