ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചെന്ന പരാതി; രേഖകൾ സീൽ ചെയ്ത് പൊലീസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു. ചികിത്സാ പിഴവിനെ തുടർന്നാണ് മരണമെന്ന കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും.
വടകര സ്വദേശി തങ്കമണിയാണ് മരിച്ചത്. ഒക്ടോബർ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച തങ്കമണിയെ എട്ടിനാണ് ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ശസ്ത്രക്രിയയ്ക്കുശേഷം വാർഡിലേക്ക് മാറ്റിയ ഇവർക്ക് ശക്തമായ പനിയും തുടർച്ചയായ ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ സ്കാനിങ്ങിലാണ് വൻകുടലിൽ മുറിവുണ്ടായതായി കണ്ടെത്തിയത്.
ഗർഭാശയം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് വൻകുടലിൽ മുറിവുണ്ടായതെന്നും ഇതേത്തുടർന്നുണ്ടായ അണുബാധയാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ആരോഗ്യനില വഷളായതിനെ തുടർന്ന് അടിയന്തരമായി മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും തങ്കമണിയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ മെഡിക്കൽ കോളേജ് എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് അന്വേഷണ റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറും. മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധാഭിപ്രായം തേടിയശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.









0 comments