വളയിട്ട കൈകൾ വിളയിച്ച നൂറുമേനി; കോട്ടൺഹില്ലിൽ ചീരക്കൊയ്ത്ത്

കോട്ടൺഹിൽ ജിജിഎച്ച്‌എസ്‌എസിലെ കുട്ടികൾ ചീര വിളവെടുപ്പ്
തിരുവനന്തപുരം: പാഴ്നിലത്തെ ചെഞ്ചീരച്ചോപ്പാക്കി മാറ്റിയ ആവേശത്തിൽ കോട്ടൺഹിൽ സ്കൂളിലെ മിടുക്കികൾ. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ യു പി വിഭാഗം കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ചീരകൃഷി നൂറുമേനി വിളവ് നൽകി. വിദ്യാലയത്തിലെ തരിശായി കിടന്ന ഭൂമി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് കൃഷിയോഗ്യമാക്കിയത്.
സ്കൂളിലെ പാഴ്നിലം വൃത്തിയാക്കി വിദ്യാർഥികൾ വിത്തിട്ടപ്പോൾ പൂർണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ടായിരുന്നു. ഹെഡ്മിസ്ട്രസുമാരായ ജി ഗീത, ബി രേഖ, കാർഷിക ക്ലബ് കൺവീനർ ആർ എസ് ശ്രീജ, ജോയിന്റ് കൺവീനർ ടെസ്സി പി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ഒരേപോലെ മണ്ണിലിറങ്ങിയതോടെയാണ് പാഴ്നിലത്തിൽ ചെഞ്ചീര ചന്തമണിഞ്ഞത്. വിളവെടുത്ത ജൈവ ചീര സ്കൂളിലെ ഉച്ചഭക്ഷണത്തിന് വിഭവമായി മാറി.

തങ്ങൾ നട്ടുനനച്ചു വളർത്തിയ ചീരയുടെ രുചി നുണഞ്ഞപ്പോൾ കുട്ടികളുടെ മുഖത്ത് വലിയ സംതൃപ്തിയായിരുന്നു. പൂർണ്ണമായും ജൈവരീതിയിൽ വിളയിച്ചെടുത്ത പച്ചക്കറി വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്താനും സഹായിച്ചു. പഠനം ക്ലാസ്‌മുറിയിൽ മാത്രമല്ല നടക്കേണ്ടത്. ജീവിത ഗന്ധിയാകണം. പാഠപുസ്‌തകങ്ങളിലെ അക്ഷരകൂട്ടുകളിൽനിന്ന് കണ്ടും തൊട്ടും മണത്തും രുചിച്ചും കുട്ടികൾ അറിവിന്റെ പുതുലോകം പണിയുകയാണിവിടെ.










0 comments