Deshabhimani

print edition കോട്ടയം മെഡിക്കൽ കോളേജ്‌ ആശുപത്രി; ശമ്പളമില്ല; താൽക്കാലിക ജീവനക്കാർ പ്രതിസന്ധിയിൽ

Kottayam Medical College
വെബ് ഡെസ്ക്

Published on Oct 15, 2026, 01:30 AM | 1 min read

കോട്ടയം : മാസങ്ങളായി ശമ്പളമില്ലാത്തതിനെതുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാർ കടുത്ത പ്രതിസന്ധിയിൽ. കുടുംബശ്രീ ജില്ലാ മിഷനുകീഴിലുള്ളവരാണ്‌ ഇവർ. ഇവർക്ക് വേതനം സമയബന്ധിതമായി ലഭിക്കുന്നില്ല. ആശുപത്രിയിൽനിന്ന് ജില്ലാ മിഷനിലേക്ക് തുക കൈമാറുകയും ജില്ലാ മിഷൻ ജീവനക്കാർക്ക് ശമ്പളം നൽകുകയുമായിരുന്നു ഇതുവരെ ചെയ്തിരുന്നത്.


ഇതിനിടെ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ ഉൾപ്പെടെയുള്ളവരെ സ്ഥലംമാറ്റത്തിന് പിന്നാലെ ശമ്പളവിതരണം നിലച്ചു. ആശുപത്രിയിൽനിന്ന് നേരിട്ട് ജീവനക്കാർക്ക് ശമ്പളം നൽകണമെന്നാണ് ജില്ലാ മിഷന്റെ നിർദേശം. എന്നാൽ ഇങ്ങനെ ശമ്പളം നൽകാനാവില്ലെന്നാണ് സൂപ്രണ്ടിന്റെ നിലപാട്. തർക്കത്തെതുടർന്നാണ് ശമ്പളം മുടങ്ങിയത്‌.


ഇതിനിടയിൽ വേതനവും വെട്ടിക്കുറച്ചു. പ്രതിമാസം ലഭിച്ചിരുന്ന 18,000രൂപ 15,000മായി കുറച്ചു. എൽഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ആറുമാസത്തേക്കാണ് കരാർ പുതുക്കിയിരുന്നത്. യുഡിഎഫ് അധികാരമേറ്റതോടെ കരാർ കാലാവധി രണ്ടുമാസമാക്കി. കരാർ പുതുക്കി നൽകാത്തതോടെ പലർക്കും ജോലി നഷ്ടമായി. ഇതോടെ അവശേഷിക്കുന്ന ജീവനക്കാർ അമിത ജോലിഭാരം പേറേണ്ട അവസ്ഥയിലാണ്‌. ​


ലേസർ മെഷീൻ തകരാറായി; ശസ്ത്രക്രിയ മുടങ്ങി


​​കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിഡ്നി സ്റ്റോ ൺ നീക്കാനുള്ള ശസ്ത്രക്രിയക്കിടെ ലേസർ മെഷീൻ തകരാറിലായതിനെത്തുടർന്ന് ശസ്ത്രക്രിയ മുടങ്ങി. യൂറോളജി വിഭാഗത്തിൽ വൈക്കം സ്വദേശിയുടെ ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. അനസ്തേഷ്യ നൽകിയശേഷം ശസ്ത്രക്രിയ ആരംഭിക്കാനിരിക്കെയാണ് വൃക്കയിലെ കല്ല് നീക്കാൻ ഉപയോഗിക്കുന്ന ലേസർ മെഷീൻ തകരാറിലായത്.


കഴിഞ്ഞയാഴ്‌ചയാണ്‌ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ശസ്ത്രക്രിയയ്ക്കായി തീയേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും അനസ്തേഷ്യ നൽകിയശേഷം മെഷീൻ തകരാറിലായി.


ഇതോടെ മണിക്കൂറുകൾക്കുശേഷം ബോധംതെളിഞ്ഞ രോഗിയെ വാർഡിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്കാവശ്യമായ ഏകദേശം 24,000 രൂപയുടെ സാമഗ്രികൾ ബന്ധുക്കൾ നേരത്തേ വാങ്ങി നൽകിയിരുന്നു. ശസ്ത്രക്രിയ മുടങ്ങിയതോടെ ഇവ പാഴായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home