Deshabhimani

പി ജെ ജോസഫിന്‌ കാബിനറ്റ്‌ പദവി; കേരള കോൺഗ്രസിനോട്‌ 
മുഖംതിരിച്ച്‌ മുഖ്യമന്ത്രി

josep
avatar
മുഹമ്മദ്‌ ഹാഷിം

Published on Oct 05, 2026, 12:42 AM | 1 min read

കോട്ടയം: പി ജെ ജോസഫിന്‌ കാബിനറ്റ്‌ പദവി നൽകാതെ മുഖ്യമന്ത്രി വി ഡി സതീശൻ മുഖംതിരിക്കുന്നതിൽ കേരള കോൺഗ്രസിൽ അമർഷം. മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന്‌ മന്ത്രി മോൻസ്‌ ജോസഫ്‌ മാധ്യമങ്ങളെ അറിയിച്ചെങ്കിലും ഇതുവരെ കാണാൻ സാധിച്ചിട്ടില്ല. ചർച്ചയ്‌ക്കുള്ള അവസരം മുഖ്യമന്ത്രി നൽകുന്നില്ലെന്ന്‌ പരാതിയുണ്ട്‌. മുസ്ലിംലീഗിന്റെ ആവശ്യത്തിൽ തീരുമാനമെടുത്ത മുഖ്യമന്ത്രി ചർച്ചയ്‌ക്കുപോലും തയ്യാറാകുന്നില്ല.


ഉഭയകക്ഷി ചർച്ചയ്‌ക്കും തയ്യാറല്ല. മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്‌ക്കുശേഷം പരസ്യമായി പ്രതികരിക്കാനാണ്‌ കേരള കോൺഗ്രസിന്റെ തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ച നീട്ടി തങ്ങളുടെ രണ്ട്‌ സീറ്റ്‌ കവർന്നെടുത്തത്‌ പോലെ ഇനിയും നഷ്ടമുണ്ടാകുമോയെന്നാണ്‌ ആശങ്ക. തൽക്കാലം ആത്മസംയമനം പാലിക്കുകയാണെന്ന്‌ നേതൃത്വം വ്യക്തമാക്കുന്നു.


ലീഗിന്‌ അഞ്ച്‌ മന്ത്രിസ്ഥാനവും കാബിനറ്റ്‌ പദവിയുള്ള ഭരണപരിഷ്‌കാര കമീഷൻ ചെയർമാൻ സ്ഥാനവും കൊടുത്തിട്ടും ഒരു മന്ത്രിസ്ഥാനം മാത്രമാണ്‌ കേരള കോൺഗ്രസിന്‌ നൽകിയത്‌. ചീഫ് വിപ്പ്‌ സ്ഥാനംകൊണ്ട്‌ തൃപ്‌തിപ്പെടാനാകില്ലെന്ന്‌ നേതൃത്വം പറയുന്നു. നേരത്തെ യുഡിഎഫ്‌ മന്ത്രിസഭയിൽ കേരള കോൺഗ്രസിന്‌ രണ്ട്‌ മന്ത്രി സ്ഥാനവും ചീഫ് വിപ്പ്‌ സ്ഥാനവും ലഭിച്ചിരുന്നു. കാബിനറ്റ്‌ റാങ്കുള്ള പദവി പി ജെ ജോസഫ്‌ ആവശ്യപ്പെട്ടിട്ടും നൽകിയിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home