print edition ഗൗതം കൃഷ്‌ണയെ കടലിൽ കാണാതായിട്ട് 53 ദിവസം മകന്റെ തടിരൂപത്തിൽ അന്ത്യകർമം നടത്തി അമ്മ

ഗൗതം കൃഷ്‌ണയ്‌ക്ക് അന്ത്യകർമങ്ങൾ നടത്തുന്ന സഹോദരൻ രാധേഷ് (ഇടത്) അന്ത്യകർമങ്ങൾക്കായി തടിയിൽ തീർത്ത ഗൗതം കൃഷ്‌ണയുടെ രൂപം (വലത്)
ജയൻ ഇടയ്‌ക്കാട്
Published on Sep 24, 2026, 01:30 AM | 1 min read
കൊല്ലം : കടലിൽ കാണാതായ മകനുവേണ്ടി കണ്ണീരുണങ്ങാത്ത കാത്തിരിപ്പിനൊടുവിൽ അവന്റെ രൂപം തടിയിൽ കൊത്തിയെടുത്ത് അന്ത്യകർമം നടത്തി അമ്മ. മീൻപിടിത്തത്തിനിടെ കടൽ ക്ഷോഭത്തിൽ നഷ്ടമായ ഭർത്താവിനും അച്ഛനുമൊപ്പം പ്രിയപ്പെട്ട മകൻ രേഷ്‌മയ്‌ക്ക് നെഞ്ചുരുകുന്ന ഓർമയായി.
നീണ്ടകര പുത്തൻതുറയിലെ പൂമുഖത്ത് വീട്ടുപരിസരത്ത് നടന്ന പ്രതീകാത്മക സംസ്‌കാര ചടങ്ങ് സർക്കാരിന്റെ ക്രൂരമായ അവഗണനയോടുള്ള ഒരമ്മയുടെ നിശ്ശബ്ദ പ്രതിഷേധവുമായി. ജൂലൈ 31നാണ് മീൻപിടിത്തത്തിനിടെ ബോട്ടു മറിഞ്ഞ് രേഷ്മയുടെ അച്ഛൻ രാജീവൻ, ഭർത്താവ് രാധാകൃഷ്ണൻ എന്നിവർ മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ ഗൗതം കൃഷ്‌ണയെ കാണാതായി.
ഗൗതം കൃഷ്‌ണയെ കണ്ടെത്താൻ യഥാസമയം തെരച്ചിൽ നടത്തുന്നതിൽ ഗുരുതര വീഴ്‌ചയുണ്ടായതിനെ തുടർന്ന് സർക്കാരിനെതിരെ ശക്‌തമായ പ്രതിഷേധമാണുയർന്നത്. ഇതിനിടെ മുഖ്യമന്ത്രി വി ഡി സതീശൻ വീട്ടിലെത്തി കുടുംബത്തിലെ ഒരാൾക്ക് ജോലി ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങൾ നൽകി.
എന്നാൽ, എട്ട് മന്ത്രിസഭാ യോഗം കഴിഞ്ഞിട്ടും ഒന്നും നടപ്പായില്ല. അച്ഛനെയും ഭർത്താവിനെയും നഷ്ടമായ രേഷ്‌മ മകനുവേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു. ഒടുവിൽ 53–ാം ദിവസം തടിയിൽ മകന്റെ രൂപമുണ്ടാക്കി, ഭർത്താവിന്റെയും അച്ഛന്റെയും കുഴിമാടങ്ങൾക്ക് മധ്യേ ഒഴിച്ചിട്ട സ്ഥലത്ത് ദഹിപ്പിക്കാൻ തീരുമാനിച്ചു.
സഹോദരൻ രാധേഷ് രാവിലെ എട്ടിന് ചിതയ്‌ക്ക് തീകൊളുത്തിയപ്പോൾ കണ്ടുനിന്നവരുടെ കണ്ണും നിറഞ്ഞു. മൈക്രോ ഫിനാൻസ് വായ്പയുൾപ്പെടെ കുടുംബത്തിനു വൻസാമ്പത്തിക ബാധ്യതയുണ്ട്.









0 comments