Deshabhimani

print edition എ കെ ജിയെ ഒളിവിൽ താമസിപ്പിച്ച തറവാട്‌ ഓർമയിലേക്ക്‌...

akg old home
avatar
എ സജീവ്കുമാർ

Published on Oct 05, 2026, 01:30 AM | 1 min read

കൊയിലാണ്ടി: പാവങ്ങളുടെ പടത്തലവൻ എ കെ ജി ഒരുമാസം ഒളിവിൽക്കഴിഞ്ഞ കീഴരിയൂരിലെ ഊത്തൂളി തറവാട് വീട് ഓർമയാകുന്നു. ഒന്നര നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ഓടുപാകിയ പടിഞ്ഞാറ്റപ്പുര അപകടാവസ്ഥയിലായതോടെയാണ്‌ ഉടമസ്ഥയായ തുഷാരയും ഭർത്താവ് നാരായണനും വീട്‌ പൊളിക്കാൻ തീരുമാനിച്ചത്.


1942ലാണ്‌ എ കെ ജി ഈ വീട്ടിൽ ഒളിവുജീവിതത്തിനെത്തിയത്‌. തറവാടുമായി അടുത്ത ബന്ധമുള്ള കൃഷ്ണൻ അടിയോടി എന്ന മജിസ്ട്രേട്ടാണ് അദ്ദേഹത്തെ ഈ വീട്ടിലെത്തിച്ചത്‌. കടുത്ത കമ്യൂണിസ്റ്റ് അനുഭാവിയായ മജിസ്‌ട്രേട്ടിന്‌ എ കെ ജിയെ അറസ്റ്റ് ചെയ്യാൻ അധികാരമുണ്ടായിട്ടും അതിന്‌ മുതിരാതെ സംരക്ഷിക്കുകയായിരുന്നെന്ന്‌ ഊത്തൂളി വീട്ടിൽ വർഷങ്ങളോളം താമസിച്ച ശ്രീനി പറഞ്ഞു.


1914ൽ ലോക മഹായുദ്ധകാലത്ത് ബ്രിട്ടീഷ് സേനയിലേക്ക് ആളുകളെ തെരഞ്ഞെടുക്കാൻ കീഴരിയൂരിൽ ആരംഭിച്ച സൈനിക ക്യാമ്പ് മജിസ്‌ട്രേട്ട്‌ കൃഷ്‌ണൻ അടിയോടിയുടെ നിർദേശ പ്രകാരമാണ്‌ നാട്ടുകാർ ആക്രമിച്ചതും ബ്രിട്ടിഷുകാരെ തുരത്തിയതും. കാളമ്പത്ത് താമസിക്കും കണ്ണോത്ത് പത്മനാഭൻ അടിയോടിയായിരുന്നു ഒളിവുകാലത്ത് എ കെ ജിക്ക് കീഴരിയൂരിൽ സഹായിയായി ഉണ്ടായിരുന്നത്. നെല്ലിയാടി കടവ് കടന്നാണത്രേ എ കെ ജി തിരിച്ചുപോയത്.


പുതിയ ഒളിത്താവളത്തിലേക്ക് അർധരാത്രി മാറുമ്പോൾ പ്രദേശത്തെ ഗുണ്ടയായ നാദേരി ബീരാൻ ‘ആരാടാ പോകുന്നതെന്ന്’ ചോദിച്ചപ്പോൾ ഞാനാടാ ഗോപാലനാണെന്ന് ഇരുട്ടിൽനിന്ന് വിളിച്ചുപറഞ്ഞതും അത് കേട്ടപ്പോൾ ബീരാൻ തിരിച്ചുപോയെന്നുമുള്ള കഥ ഒരുപാടുകാലം നാട്ടിൽ ചർച്ചയായിരുന്നു. ഊത്തൂളി തറവാടിന്റെ പടിഞ്ഞാറ്റയിലാണ് എളമ്പിലാട്ടിടം ക്ഷേത്രത്തിലെ തിരുവാഭരണം സൂക്ഷിച്ചിരുന്നത്. മരിക്കുന്നതിന് കുറച്ചുവർഷം മുന്പ്‌ കീഴരിയൂരിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കാൻ വന്ന എ കെ ജി ഒളിവിൽക്കഴിഞ്ഞ ഊത്തൂളി തറവാട് വീടിനെ കുറിച്ച് പറഞ്ഞതായി സിപിഐ എം ലോക്കൽ സെക്രട്ടറി മാലത്ത് സുരേഷ് പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home