ad
Deshabhimani

ട്രെയിൻ കയറി കൊച്ചിയുടെ ‘സമൃദ്ധി’, ഇനി കേരളമാകെ

kochi@samrudhi
വെബ് ഡെസ്ക്

Published on Jul 17, 2025, 01:21 AM | 1 min read


കൊച്ചി

വിശപ്പുരഹിത കൊച്ചിയെന്ന ലക്ഷ്യത്തോടെ കോർപറേഷൻ ആരംഭിച്ച ‘കൊച്ചി@സമൃദ്ധി’യിലെ രുചിയൂറും വിഭവങ്ങൾ ഇനി ട്രെയിനുകളിലും. കേരളത്തിലോടുന്ന യാത്രാത്തിരക്കേറിയ നാല്‌ പ്രധാന ട്രയിനുകളിലാണ്‌ ഐആർസിടിസി വഴി സമൃദ്ധിയുടെ ഭക്ഷണം വിതരണത്തിന്‌ എത്തിച്ചത്‌. കുറഞ്ഞ ചെലവിൽ മഹാനഗരത്തിന്‌ രുചിവിഭവങ്ങൾ വിളമ്പുന്ന സമൃദ്ധി ഇതോടെ കേരളത്തിന്റെയാകെ സ്വന്തമാകും.


ജനശതാബ്‌ദി, പരശുറാം, ഇന്റർസിറ്റി, വേണാട്‌ ട്രെയിനുകളിലാണ്‌ സമൃദ്ധിയുടെ ഭക്ഷണം നൽകുന്നത്‌. ഐആർസിടിസി മുഖാന്തിരം ലഭിക്കുന്ന ഓർഡർ അനുസരിച്ചാണിത്‌. സമൃദ്ധി ജീവനക്കാർ പുലർച്ചെ പാചകം ആരംഭിക്കും. ബിരിയാണിയും ഊണുമെല്ലാം വാഴയിലയിൽ പൊതിഞ്ഞ്‌ മികച്ച പാക്കറ്റുകളിലാക്കി സമൃദ്ധിയുടെ സ്‌റ്റിക്കറും പതിക്കും. തുടർന്ന്‌ സൗത്ത്‌, നോർത്ത്‌ റെയിൽവേ സ്‌റ്റേഷനുകളിൽ ട്രെയിൻ വരുന്നതിനുമുമ്പായി എത്തിക്കും.


ട്രെയിനുകളിൽ രുചിയും ഗുണമേന്മയുമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിന്‌ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്‌ ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) പരിഗണനയിലാണ്‌ സമൃദ്ധി. നടപടിക്രമങ്ങളുടെ ഭാഗമായി ഐആർസിടിസിയുടെ ഡൽഹിയിൽനിന്നുള്ള ഉന്നത ഉദ്യോഗസ്ഥസംഘം എറണാകുളം നോർത്തിലെ സമൃദ്ധിയുടെ ഊട്ടുപുരയും അടുക്കളയും സന്ദർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ്‌ നാല്‌ ട്രെയിനുകളിൽ ഭക്ഷണവിതരണത്തിന്‌ ഓർഡർ ലഭിച്ചത്‌.


ഐആർസിടിസിയുടെ കരാർ ലഭിച്ചാൽ കേരളത്തിലേക്ക്‌ ഓടുന്ന ട്രെയിനുകളിൽ രണ്ടുനേരത്തെ ഭക്ഷണം വിളമ്പാനുള്ള ചുമതലയും ലഭിക്കും. വന്ദേഭാരത്‌ ഉൾപ്പെടെ ട്രെയിനുകളിലെ ഭക്ഷണ മെനുവിൽ സമൃദ്ധിവിഭവങ്ങൾ ഉൾപ്പെടും. കേരളത്തിന്റെ തനതുരുചിയും മേന്മയുമുള്ള പച്ചക്കറിവിഭവങ്ങളും പാക്കിങ്ങുമാണ്‌ ഐആർസിടിസി നിഷ്‌കർഷിക്കുന്നത്‌. എറണാകുളം നോർത്ത്‌, സൗത്ത്‌ റെയിൽവേ സ്‌റ്റേഷനുകളിൽ രണ്ടു സ്റ്റാളുകളും സമൃദ്ധിക്ക്‌ അനുവദിക്കും. വിഭവങ്ങളുടെ വിശദമായ മെനുവും പാക്കിങ്ങും സംബന്ധിച്ച്‌ ഐആർസിടിസി ഉദ്യോഗസ്ഥർ നഗരസഭാ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്‌തിരുന്നു. വൈകാതെ ഐആർസിടിസി തീരുമാനമറിയിക്കും.


നഗരത്തിലെത്തുന്നവർക്ക്‌ കുറഞ്ഞ നിരക്കിൽ സ്വാദും ഗുണമേന്മയുമുള്ള ഭക്ഷണം നൽകിവരുന്ന സമൃദ്ധി @ കൊച്ചി പ്രവർത്തനം ആരംഭിച്ചതിന്റെ നാലാംവർഷമാണിത്‌. 10 രൂപയ്‌ക്ക്‌ വിഭവസമൃദ്ധമായ ഊണ്‌ നൽകിയായിരുന്നു തുടക്കം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home