Deshabhimani

print edition അമിതവേഗം ഹരം; ഉള്ളിൽ ലഹരിയും: നടുക്കുന്ന ദൃശ്യങ്ങൾ

suhail
വെബ് ഡെസ്ക്

Published on Oct 12, 2026, 01:30 AM | 1 min read

കൊച്ചി: അമിതവേഗം ഹരമായിരുന്നു സുഹൈൽ സജീവിന്‌. അതിവേഗത്തിൽ വാഹനം ഓടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മണിക്കൂറിൽ 218 കിലോമീറ്റർ വേഗത്തിൽവരെ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ട്‌. വേഗത്തിനൊപ്പം ലഹരികൂടി ചേർന്നപ്പോൾ മൂന്നു ജീവനാണ്‌ നഷ്ടമായത്‌.


പൊലീസ്‌ ചോദ്യംചെയ്‌തപ്പോൾ ബിയർ കഴിച്ചിട്ടുണ്ടെന്ന്‌ സുഹൈൽ ആദ്യം പറഞ്ഞു. എന്നാൽ, ഫോൺ പരിശോധിച്ചപ്പോൾ ഇയാൾ സ്‌റ്റാർ ഹോട്ടലിലിരുന്ന്‌ രാത്രി മദ്യപിച്ചതിന്റെ വീഡിയോ ലഭിച്ചു. അത്‌ കേന്ദ്രീകരിച്ചുള്ള ചോദ്യംചെയ്യലിൽ രണ്ട്‌ ബാറിൽക്കൂടി കയറിയതായി സമ്മതിച്ചു. പുലർച്ചെ 2.40ന്‌ ഖത്തറിൽനിന്നുവരുന്ന സുഹൃത്തിനെ കൂട്ടാനാണ്‌ നെടുന്പാശേരിയിൽ എത്തിയത്‌. എന്നാൽ, വളരെ നേരത്തേ ഇവിടെ വന്നു. ഒന്നുകൂടി കറങ്ങാമെന്നുപറഞ്ഞ്‌ വീണ്ടും പോയി മദ്യപിച്ചെന്നും പൊലീസിന്‌ വിവരം ലഭിച്ചു.


സുഹൈൽ ഓടിച്ച മിനി കൂപ്പർ ഞായർ പുലർച്ചെയും ചീറിപ്പായുകയായിരുന്നു. ആരെയും നടുക്കുന്നതാണ്‌ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ. മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിനെ പിന്നിൽനിന്ന്‌ ഇടിച്ചുതെറിപ്പിച്ച്‌ കുതിക്കുന്ന മിനി കൂപ്പറാണ്‌ ദൃശ്യത്തിൽ. അതിശക്തമായ ഇടിയിൽ സ്‌കൂട്ടറിലുണ്ടായിരുന്ന മൂന്നുപേരും മുകളിലേക്ക്‌ തെറിച്ചുപോകുന്നതും കാണാം. മൂന്നുപേരും റോഡിൽ വീണു. തലയ്‌ക്കുൾപ്പെടെ ​ഗുരുതര പരിക്കേറ്റു.


അപകടസ്ഥലത്തുനിന്ന്‌ ദൂരെയാണ്‌ സ്‌കൂട്ടർ കിടന്നിരുന്നത്‌. സുഹൈലിന്‌ കുടുംബം പിറന്നാൾസമ്മാനമായി നൽകിയതാണ്‌ മിനി കൂപ്പർ; ഇയാളുടെ പിതാവാണ്‌ ഉടമസ്ഥൻ. രാജഗിരി കോളേജിലെ ബികോം വിദ്യാർഥിയാണ്‌ സുഹൈൽ സജീവ്‌. ഇയാളെ അങ്കമാലി താലൂക്കാശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ചപ്പോൾ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുക്കളും വലിയ പ്രതിഷേധമുയർത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home