ad
Deshabhimani

വനിതാ ദിനത്തിൽ സ്ത്രീകൾക്ക് പാർക്കിങ്ങും സമ്മാനങ്ങളും ഒരുക്കി കൊച്ചി മെട്രോ

KOCHI METRO PARKING.
വെബ് ഡെസ്ക്

Published on Mar 07, 2026, 07:01 PM | 2 min read

കൊച്ചി: വനിതാ ദിനത്തോടനുബന്ധിച്ച് ഇത്തവണയും സ്ത്രീകൾക്കായി പ്രത്യേക ആനുകൂല്യങ്ങളുമായി കൊച്ചി മെട്രോ. മാർച്ച് എട്ടിന് വടക്കേ കോട്ട സ്റ്റേഷനിലെ പൂർണ്ണമായും ഓട്ടോമേറ്റഡ് ആയ മൾട്ടി ലെവൽ കാർ പാർക്കിങ് സെന്ററിൽ വനിതകൾക്ക് പാർക്കിംഗ് സൗജന്യമായിരിക്കും. അന്നേദിവസം രാവിലെ എട്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെയാണ് ഈ സൗജന്യ പാർക്കിംഗ് അനുവദിച്ചിരിക്കുന്നത്. ഇതിന് പുറമെ വനിതാ ദിനത്തിൽ കളമശേരി മെട്രോ ഫ്യൂവൽ സ്റ്റേഷനിൽ നിന്ന് ഇന്ധനം നിറയ്ക്കുന്ന എല്ലാ വനിതകൾക്കും ഒരു കുപ്പി വെള്ളവും ചോക്ലേറ്റും സൗജന്യമായി നൽകും.


പൊതുജനങ്ങൾക്ക് നേരിട്ട് ഉപയോഗിക്കാനാവുന്ന നഗരത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് മൾട്ടി ലെവൽ പാർക്കിങ് സംവിധാനമാണ് വടക്കേകോട്ട മെട്രോ സ്റ്റേഷനിലേത്. മെട്രോ യാത്രക്കാരുടെ വർദ്ധിച്ചുവരുന്ന പാർക്കിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം അവസാന മൈൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഒൻപത് നിലകളിലായി ഒരേ സമയം 100 കാറുകൾ ഇവിടെ പാർക്ക് ചെയ്യാൻ സാധിക്കും.


സാങ്കേതിക വിദ്യയുടെ കരുത്തിൽ പ്രവർത്തിക്കുന്ന ഈ ബഹുനില പാർക്കിംഗ് സംവിധാനം ഉപയോഗിക്കാൻ അത്യന്തം ലളിതമാണ്. വാഹനം പാർക്കിംഗിനായുള്ള നിശ്ചിത സ്ഥാനത്ത് നിർത്തുക മാത്രം ചെയ്താൽ മതിയാകും, ബാക്കി പ്രക്രിയകളെല്ലാം ഓട്ടോമേറ്റഡ് സംവിധാനം കൈകാര്യം ചെയ്യും. ഒഴിവുള്ള പാർക്കിംഗ് സ്ഥലം തേടി ചുറ്റിനടക്കേണ്ടതില്ല എന്നതും തിരക്കേറിയ ഇടങ്ങളിൽ വാഹനം നിയന്ത്രിക്കേണ്ടതില്ല എന്നതും സമയ ലാഭവും സൗകര്യവും നൽകുന്നു.


വളരെ കുറഞ്ഞ നിരക്കിൽ ഈ സേവനം ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യ രണ്ട് മണിക്കൂറിന് 15 രൂപയും തുടർന്ന് ഓരോ മണിക്കൂറിനും 25 രൂപയുമാണ് നിരക്ക് ഈടാക്കുന്നത്. കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയിൽ വാഹനങ്ങളെ വെയിലിൽ നിന്നും മഴയിൽ നിന്നും സംരക്ഷിക്കാൻ പൂർണ്ണമായും മറയുള്ള ഈ എംഎൽസിപി ഘടന സഹായിക്കുന്നു. ഇത് വാഹനങ്ങളുടെ ദീർഘകാല പരിപാലന ചെലവ് കുറയ്ക്കാനും ഗുണകരമാണ്.


സുരക്ഷയുടെ കാര്യത്തിലും എംഎൽസിപി ഉയർന്ന നിലവാരം ഉറപ്പാക്കുന്നു. നിയന്ത്രിത പ്രവേശനം, തുടർച്ചയായ സിസിടിവി നിരീക്ഷണം, മനുഷ്യ ഇടപെടൽ കുറവുള്ള ഓട്ടോമേറ്റഡ് പ്രവർത്തനം എന്നിവയുടെ പിന്തുണയോടെ മോഷണം, നാശനഷ്ടം, തുടങ്ങിയ സാധ്യതകൾ ഗണ്യമായി കുറയും. യാത്രക്കാർക്ക് അവരുടെ വാഹനം സുരക്ഷിതമാണെന്ന ആത്മവിശ്വാസത്തോടെ മെട്രോ യാത്ര ആസ്വദിക്കാം. മെട്രോ സർവീസുള്ള സമയങ്ങളിലാണ് മൾട്ടിലെവൽ കാർ പാർക്കിംഗ് പ്രവർത്തിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home