ഫീഡർ ബസ് സേവനങ്ങളുടെ കാര്യക്ഷമമായ നിയന്ത്രണം; ഡാറ്റ അനലിറ്റിക്സ് ഡാഷ്ബോർഡ് അവതരിപ്പിച്ച് കൊച്ചി മെട്രോ

കൊച്ചി : ഫീഡർ ബസ് സേവനങ്ങളുടെ കാര്യക്ഷമമായ നിയന്ത്രണത്തിനും നിരീക്ഷണത്തിനുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഡാറ്റ അനലിറ്റിക്സ് ഡാഷ്ബോർഡും ഓപ്പറേഷൻസ് ഡിസ്പ്ലേ സിസ്റ്റവും അവതരിപ്പിച്ചു. മുട്ടത്തെ ഫീഡർ ബസ് ടെർമിനലിൽ നടന്ന ചടങ്ങിൽ കൊച്ചി മെട്രോ ഡയറക്ടർ (സിസ്റ്റംസ്) സഞ്ജയ് കുമാർ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പൊതു ഗതാഗത സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഡാറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി കൊച്ചി മെട്രോ സ്വീകരിക്കുന്ന സാങ്കേതിക നവീകരണങ്ങളിലെ മറ്റൊരു പ്രധാന ചുവടുവെയ്പ്പാണ് ഈ സംവിധാനം. ഫീഡർ ബസുകളിൽ സ്ഥാപിച്ചിട്ടുള്ള ഫെയർ കലക്ഷൻ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങളും ബസ് ടെലിമാറ്റിക്സ് സംവിധാനങ്ങളിൽ നിന്നുള്ള ഡാറ്റയും ഏകോപിപ്പിച്ചാണ് ഡാഷ്ബോർഡ് പ്രവർത്തിക്കുന്നത്.
ഫീഡർ ബസ് യാത്രക്കാരുടെ എണ്ണം, വരുമാനം, യാത്രക്കാർ ഉപയോഗിക്കുന്ന പേയ്മെന്റ് മാർഗങ്ങൾ, സ്ത്രീ- പുരുഷ യാത്രക്കാരുടെ വ്യത്യസ്ത കണക്കുകൾ തുടങ്ങിയ പ്രധാന സേവന സൂചികകൾ പ്ലാറ്റ്ഫോം വഴി ഏകോപിതമായി നിരീക്ഷിക്കാനാകും. ഇതിലൂടെ യാത്രക്കാരുടെ യാത്രാ സ്വഭാവം കൂടുതൽ വ്യക്തമായി മനസ്സിലാക്കി സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി ആസൂത്രണം ചെയ്യാൻ സാധിക്കും.
ഇതോടൊപ്പം, ബസുകളുടെ ലൈവ് ലൊക്കേഷൻ, ഇലക്ട്രിക് ബസുകളുടെ ബാറ്ററി നില, സേവന പ്രകടനവുമായി ബന്ധപ്പെട്ട പ്രധാന സൂചികകൾ എന്നിവയും റിയൽ ടൈമിൽ ലഭ്യമാകും. ഇതുവഴി പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി നിയന്ത്രിക്കാനും സമയബന്ധിതമായ തീരുമാനങ്ങൾ എടുക്കാനും കഴിയും. ജർമൻ വികസന സഹകരണ സംഘടനയായ ഗിസ് ഇന്ത്യയുടെ സുമാകാ പദ്ധതിയുടെ സഹകരണത്തോടെ, കൊച്ചി മെട്രോയുടെ അർബൻ ട്രാൻസ്പോർട്ട് ടീമിന്റെ നിർദേശങ്ങൾ ഉൾപ്പെടുത്തി പ്രത്യേകമായി വികസിപ്പിച്ചെടുത്തതാണ് ഡാറ്റ അനലിറ്റിക്സ് പ്ലാറ്റ്ഫോം.










0 comments