ad
Deshabhimani

പുതുവർഷത്തിൽ 1.61 ലക്ഷത്തിലേറെ യാത്രക്കാർ; റെക്കോർഡ് നേട്ടം കൈവരിച്ച് കൊച്ചി മെട്രോ

KMRL
വെബ് ഡെസ്ക്

Published on Jan 01, 2026, 03:25 PM | 2 min read

കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ യാത്രാ സംവിധാനമായ കൊച്ചി മെട്രോ ട്രെയിൻ, ഇലക്ട്രിക് ഫീഡർ ബസ്, കൊച്ചി വാട്ടർ മെട്രോ എന്നിവയിൽ പുതുവർഷത്തലേന്നും പുലർച്ചെയും സഞ്ചരിച്ചത് 1,61,683 പേർ. പുലർച്ചെ രണ്ട് മണിവരെ സർവീസ് നടത്തിയ കൊച്ചി മെട്രോ ട്രെയിനിൽ 1,39,766 പേരാണ് യാത്ര ചെയ്തത്. പുലർച്ചെ നാലു മണിവരെ സർവീസ് നടത്തിയ ഇലക്ട്രിക് ഫീഡർ ബസിൽ 6817 പേരും വാട്ടർ മെട്രോയിൽ 15,000 പേരും യാത്രചെയ്താണ് റെക്കോർഡ് നേട്ടം കൈവരിച്ചത്. ഡിസംബർ 31 ന് 44,67,688 രൂപയുടെ വരുമാനം നേടി പ്രതിദിന വരുമാനത്തിലും കൊച്ചി മെട്രോ റെക്കോർഡിട്ടു.


കൂട്ടായ പരിശ്രമത്തിലൂടെയാണ് മെട്രോ ഈ നേട്ടം കൈവരിച്ചതെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. കൃത്യതയാർന്ന സർവീസ്, വൃത്തി, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം, മാധ്യമങ്ങളും സോഷ്യൽ മീഡിയ വഴിയും നടത്തിയ പ്രചരണം, ഉപഭോക്തൃ സൗഹൃദമായ സാങ്കേതിക വിദ്യാ ഉപയോഗം തുടങ്ങിയ നിരവധി ഘടകങ്ങൾ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലാസ്റ്റ്‌മൈൽ, ഫസ്റ്റ്‌മൈൽ കണക്ടിവിറ്റി കൂട്ടി പ്രതിദിന യാത്രക്കാരെ കൂടുതൽ ആകർഷിക്കാനായി 15 ഇലക്ട്രിക് ബസുകൾ വിവിധ റൂട്ടുകളിൽ മെട്രോ സ്റ്റേഷനുകളെയും വാട്ടർ മെട്രോ സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് സർവീസ് നടത്തിയതും നേട്ടമായി എന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നഗരത്തിൽ ഹരിത ഗതാഗത സംവിധാനം യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണെന്നും വ്യക്തമാക്കി.


പുതിയ റെക്കോർഡിൽ കൊച്ചി മെട്രോ ട്രെയിൻ


2017 ൽ സർവീസ് തുടങ്ങിയ മെട്രോയിൽ ഇതേവരെ 17.52 കോടി ജനങ്ങൾ യാത്ര ചെയ്തു. 2025ലെ യാത്രക്കാരുടെ എണ്ണം 365,861,94 ആയി വർധിച്ചു. ഡിസംബറിൽ മാത്രം 32,68,063 പേരാണ് യാത്ര ചെയ്തത്.


ഹിറ്റായി ഇലക്ട്രിക് ഫീഡർ ബസും


കൊച്ചിയുടെ പുതുവർഷരാവിൽ ഇതാദ്യമായി ഇലക്ട്രിക് ഫീഡർ ബസും യാത്ര നടത്തി. ഫോർട്ട് കൊച്ചിയിൽ നിന്ന് ജംഗാർ വഴി വൈപ്പിനിലെത്തിയ യാത്രക്കാരെ വിവിധയിടങ്ങളിലേക്കും മെട്രൊ സ്റ്റേഷനുകളിലേക്കും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കും എത്തിക്കാൻ മെട്രോ ഫീഡർ ബസുകളുമുണ്ടായിരുന്നു.


ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി വാട്ടർ മെട്രോയും


പുലർച്ചെ 5.10 വരെ നിലവിലുള്ളതിനു പറുമെ മട്ടാഞ്ചേരി- ഹൈക്കോർട്ട്, വൈപ്പിൻ- ഹൈക്കോർട്ട് റൂട്ടിലും അധിക സർവീസ് നടത്തിയ വാട്ടർ മെട്രോയും റെക്കോർഡ് നേട്ടമാണ് കൈവരിച്ചത്. 15,000ത്തോളം പേർ ഈ യാത്രസൗകര്യം പുതുവർഷത്തിൽ ഉപയോഗിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home