കൊച്ചി മെട്രോ നിർമാണം നടക്കുന്നിടത്ത് നിന്ന് ഇരുമ്പുദണ്ഡ് വീണു; യുവതിക്ക് പരിക്ക്

അപകടത്തില്‍ പരിക്കേറ്റ ഗോപിക (ഇടത്) കാറിന്‍റെ വിൻഡ് ഷീൽഡ് ഗ്ലാസ് ഇരുമ്പ് ദണ്ഡ് വീണ് പൊട്ടിയ നിലയില്‍ (വലത്)
കൊച്ചി: കൊച്ചി മെട്രോ നിർമാണം നടക്കുന്നിടത്ത് ഓടുന്ന കാറിനു മുകളിൽ ഇരുമ്പുദണ്ഡ് വീണ് യുവതിക്ക് പരിക്ക്. കാക്കനാട് ഇൻഫോപാർക്കിലുള്ള പ്രമുഖ ഐടി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഗോപിക പ്രശാന്ത് എന്ന യുവതിയാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. യുവതി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഗോപിക തന്റെ അനുഭവം പങ്കുവെച്ചത്.
‘‘കാറിലായതു കൊണ്ട് ഇത്രയേ സംഭവിച്ചുള്ളൂ. ജീവൻ വരെ പോകാവുന്ന അപകടമായിരുന്നു. ബൈക്കിലോ ഓട്ടോയിലോ ഒക്കെ പോകുന്നവർക്കാണ് ഇത് സംഭവിച്ചതെങ്കിൽ വലിയ അപകടമാകുമായിരുന്നു. ഇത്രയും വലിയൊരു അനാസ്ഥ മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല’’ ഗോപിക പറയുന്നു. സംഭവത്തിൽ ഗോപികയ്ക്ക് നഷ്ടപരിഹാരവും ആവശ്യമായ സഹായവും നൽകാനും സുരക്ഷാ നടപടികൾ ഏർപ്പെടുത്തുന്നതുവരെ നിർമാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാനും തീരുമാനിച്ചതായി കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കി.
ഈ മാസം 19ന് രാത്രി ഒൻപത് മണിയോടെ പാലാരിവട്ടം കപ്പേളയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. കാക്കനാട് ഇൻഫോപാർക്കിലേക്കുള്ള രണ്ടാം ഘട്ട മെട്രോ പണി നടക്കുന്ന പാടിവട്ടത്ത് വച്ച് ഗോപിക സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്ക് മെട്രോ തൂണിന്റെ പണി നടക്കുന്നിടത്തു നിന്ന് ഇരുമ്പ് ദണ്ഡ് വീഴുകയായിരുന്നു. ഇത് കാറിന്റെ വിൻഡ് ഷീൽഡ് തകർത്ത് അകത്തേക്ക് വീണ് ഗോപികയുടെ കൈയ്ക്ക് ചതവു പറ്റി. കാലുകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പാലാരിവട്ടം പൊലീസിൽ ഗോപിക പരാതി നൽകി. പൊലീസുമായി സംസാരിച്ച് കേസുമായി മുന്നോട്ടു പോകുന്ന കാര്യം തീരുമാനിക്കുമെന്നും ഗോപിക വ്യക്തമാക്കി.









0 comments