print edition മരുന്നുകളുടെ ഗുണനിലവാരം; പരിശോധനയൊക്കെ ‘അത്രമതി’

തിരുവനന്തപുരം : സംസ്ഥാനത്ത് കെഎംഎസ്‌സിഎൽവഴിയുള്ള പൊതുമരുന്നുവിതരണ സംവിധാനം അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ നീക്കം. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്ന കെഎംഎസ്‌സിഎല്ലിന്റെ ക്വാളിറ്റി കൺട്രോൾ വിഭാഗത്തെ നിർത്തലാക്കിയതായി മന്ത്രി കെ മുരളീധരൻ അറിയിച്ചു. ഡ്രഗ്‌സ് കൺട്രോളർവകുപ്പിനുമാത്രമാകും ഇനി ചുമതല. കെഎംഎസ്‌സിഎൽവഴി പരിശോധന പൂർത്തിയായെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം ഡ്രഗ്‌സ് കൺട്രോളർവകുപ്പും പരിശോധിച്ചിരുന്നു. ഇൗ സംവിധാനം അട്ടിമറിച്ചാണ് ഒരു വിഭാഗത്തിനുമാത്രം ചുമതല നൽകി പുതിയ പദ്ധതിയെന്ന രീതിയിലുള്ള പ്രഖ്യാപനം. കെഎംഎസ്‌സിഎല്ലിന്റെ മാത്രമല്ല സംസ്ഥാനത്ത് സ്വകാര്യ മെഡിക്കൽ ഷോപ്പുകളിലെത്തുന്ന മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നത് ഡ്രഗ്‌സ് കൺട്രോളർവകുപ്പാണ്.
വലിയ തോതിലെത്തുന്ന മരുന്നുകളെല്ലാം പരിശോധയ്ക്ക് വിധേയമാക്കി വിപണിയിലെത്തിക്കാനുള്ള സംവിധാനമോ ഉദ്യോഗസ്ഥരോ ഡ്രഗ്‌സ് കൺട്രോളർവകുപ്പിനില്ല. ചില ബാച്ചുകളുടെ റാൻഡം പരിശോധനമാത്രമാണ് നടത്തിവന്നിരുന്നത്. നിലവിലുള്ള സംവിധാനത്തെ തകർക്കുന്നത് സംസ്ഥാനത്ത് ആവശ്യമരുന്നുകൾ കിട്ടാനില്ലാത്ത സ്ഥിതിയുണ്ടാക്കും. പൊതുമേഖലയെ തകർത്ത് സ്വകാര്യമേഖലയ്ക്ക് വാതിൽതുറക്കാനാണോ നീക്കമെന്നും ആശങ്കയുണ്ട്. വിഷയത്തിൽ ഡ്രഗ്‌സ് കൺട്രോളർവകുപ്പിനോ കെഎംഎസ്‌സിഎല്ലിനോ അറിയിപ്പ് ലഭിച്ചിട്ടില്ല. ഉദ്യോഗസ്ഥതലത്തിൽപോലും ചർച്ച നടത്താതെയാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും കാരുണ്യഫാർമസിയെയും മരുന്ന് ക്ഷാമത്തിലേക്ക് തള്ളിവിടുന്ന ആരോഗ്യമന്ത്രിയുടെ ഏകപക്ഷീയ തീരുമാനം.








0 comments