print edition ആരോഗ്യം മോർച്ചറിയിൽ; മരുന്ന് സംഭരണശാലകൾ കാലി

തിരുവനന്തപുരം : കെഎംഎസ്‌സിഎൽ റീ ടെൻഡർ നടപടി വൈകിയതോടെ സംസ്ഥാനത്തെ മരുന്നുസംഭരണശാലകൾ കാലിയാകുന്നു. സംഭരണശാലകളിൽ സ്റ്റോക്കില്ലെന്നാണ് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം.
പ്രതിസന്ധി രൂക്ഷമായിട്ടും നടപടി വേഗത്തിലാക്കാൻ ശ്രമമില്ല.
കെഎംഎസ്‌സിഎൽ അധികൃതർ യോഗം ചേർന്നാണ് പ്രവർത്തനം ഏകോപിപ്പിക്കേണ്ടത്. എംഡി തസ്‌തികയിൽ ആരും ചുമതലയേൽക്കാത്തത് എല്ലാം താളംതെറ്റിച്ചു. പല ആശുപത്രികളിലുമുള്ളത് മുമ്പ് സ്റ്റോക്ക് ചെയ്‌ത കാലാവധി തീർന്ന മരുന്നുകളാണെന്ന ആക്ഷേപമുണ്ട്. ലോക്കൽ പർച്ചേസിങ്ങിലൂടെ ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽനിന്ന് നേരിട്ട് മരുന്നെത്തിക്കാനാണ് നീക്കം.
ഇതിന്റെ കണക്കും വിവരങ്ങളും പുറത്തുവിടരുതെന്നും നിർദേശമുണ്ട്. ആശുപത്രികളിൽ മരുന്നുണ്ടെന്നും കെഎംഎസ്‌സിഎല്ലിന്റെ വെയർഹൗസിൽ മാത്രമാണ് മരുന്നില്ലാത്തതെന്നും വരുത്തിത്തീർക്കാനും ശ്രമമുണ്ട്. മരുന്നില്ലെന്ന വിവരം പുറത്തുപറയരുതെന്ന ആരോഗ്യവകുപ്പ് ഡയറക്‌ടറുടെ ഭീഷണി സന്ദേശം പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഡിഎംഒമാർ ആശുപത്രികളിൽ മരുന്നുണ്ടെന്ന് റിപ്പോർട്ട് നൽകി.
മരുന്നുക്ഷാമം മാധ്യമ സൃഷ്‌ടിയെന്നാണ് യോഗത്തിൽ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പറഞ്ഞത്. ആശുപത്രികളിൽ എല്ലാതരം മരുന്നും ഉണ്ടാകണമെന്നില്ലെന്നാണ് മന്ത്രിയുടെ വാദം. അനാവശ്യ സ്ഥലംമാറ്റങ്ങളിലൂടെയും ആരോപണങ്ങളിലൂടെയും കെഎംഎസ്‌സിഎല്ലിന്റെ പ്രവർത്തനം താളംതെറ്റിച്ചതിൽ മന്ത്രിക്കെതിരെ ഉദ്യോഗസ്ഥ തലത്തിൽ അതൃപ്തി ശക്തമാണ്.
പഞ്ഞിക്കും പഞ്ഞം
സർക്കാർ ആശുപത്രികളിൽ മരുന്നുകൾക്ക് പുറമെ പഞ്ഞി, ബാൻഡേജ് തുടങ്ങിയ അത്യാവശ്യ സാമഗ്രികൾക്കും സർജിക്കൽ ഉപകരണങ്ങൾക്കും ക്ഷാമം. കൂടുതൽ രോഗികളെത്തുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽപോലും സ്റ്റോക്കുള്ളത് 73 പാക്കറ്റ് പഞ്ഞി മാത്രം. ജില്ലാ, ജനറൽ ആശുപത്രികളിലെ സ്ഥിതി ഇതിലും രൂക്ഷം.
പലയിടത്തും സ്റ്റോക്ക് തീർന്നതിനാൽ രോഗികളോട് പുറത്തുനിന്ന് വാങ്ങാനാണ് നിർദേശം. ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് മരുന്ന് അടിയന്തരമായി ലോക്കൽ പർച്ചേസ് നടത്താൻ നിർദേശമുണ്ടെങ്കിലും സർജിക്കൽ ഉപകരണങ്ങളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലേക്കായി അരക്കിലോ വരുന്ന 7.18 ലക്ഷം പഞ്ഞി പാക്കറ്റുകളാണ് കഴിഞ്ഞ ഡിസംബറിൽ കെഎംഎസ്‌സിഎൽ ടെൻഡർചെയ്‌ത് എത്തിച്ചത്. ഇൗ സ്റ്റോക്കാണ് തീർന്നത്. സർജിക്കൽ ഉപകരണങ്ങളുടെയും പഞ്ഞിയുടെയും ക്ഷാമം ചൊവ്വാഴ്‌ച ഉന്നതതല യോഗത്തിൽ ഉദ്യോഗസ്ഥർ ഉന്നയിച്ചിരുന്നു. എലിപ്പനി സാധ്യത കൂടുതലുള്ള ആലപ്പുഴ ജില്ലയിലെ മെഡിക്കൽ കോളേജിൽ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ സ്റ്റോക്ക് പൂർണമായും തീർന്നു.









0 comments