print edition കെ എം ബഷീറിന്റെ മരണം; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം മുഖ്യമന്ത്രി അട്ടിമറിച്ചു


സ്വന്തം ലേഖകൻ
Published on Oct 03, 2026, 01:31 AM | 1 min read
തിരുവനന്തപുരം : മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അട്ടിമറിക്കാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഇടപെട്ടതായി ആരോപണം. സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ആഭ്യന്തരവകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രി വി ഡി സതീശൻ നേരിട്ട് ഫയൽ വിളിച്ചുവരുത്തി റദ്ദാക്കിയെന്ന് സിറാജ് ദിനപത്രം ഡയറക്ടറും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന വൈസ്‌പ്രസിഡന്റുമായ എ സൈഫുദ്ദീൻ ഹാജി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ എം ബഷീറിനെ കാറിടിച്ച് കൊന്ന കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടറാമാണ് ഒന്നാം പ്രതി. ഐഎഎസ് ലോബിക്കുവേണ്ടിയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
ബഷീർ കൊല്ലപ്പെട്ട് ആറര വർഷമായിട്ടും വിചാരണ നീളുകയാണ്. ഒരുതവണ കോടതി മാറ്റി. ആദ്യ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി. ബഷീറിന്റെ ഭാര്യ സി ജസീല സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ സേവനം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് നിവേദനം നൽകി. മന്ത്രി അനുകൂലമായി പ്രതികരിച്ചെങ്കിലും നിയമനം നീണ്ടു. ജസീല ഹൈക്കോടതിയെ സമീപിച്ചു.
എ സന്തോഷ്‌കുമാറിനെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിക്കാൻ തീരുമാനിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇൗ ഉത്തരവ് ഇറങ്ങുംവരെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി നാലിലെ വിചാരണ നടപടി മാറ്റിവയ്‌ക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ട് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ നിയമനം റദ്ദാക്കിയത്. സെപ്‌തംബർ 17ന് ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.
സർക്കാർ വഞ്ചനയ്‌ക്കെതിരെ ബഷീറിന്റെ ഭാര്യ വീണ്ടും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഫയൽ പരിശോധിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. ഇരയുടെയോ കുടുംബത്തിന്റെയോ അപേക്ഷയിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കൽ സ്വാഭാവിക നടപടിയാണ്. എന്നിട്ടും ആഭ്യന്തരമന്ത്രിയുടെ നിർദേശം മുഖ്യമന്ത്രി അട്ടിമറിച്ചത് കൊടുംചതിയാണ്. ബഷീറിന്റെ കുടുംബത്തിന് നീതി നിഷേധിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ കേരള മുസ്ലിം ജമാഅത്ത് തുടര്‍നടപടി ആലോചിച്ച് തീരുമാനിക്കും. ആവശ്യമെങ്കില്‍ ബഷീറിന്റെ ഭാര്യയും മക്കളും സമരം നടത്തുമെന്നും സൈഫുദ്ദീൻ ഹാജി പറഞ്ഞു.









0 comments