മെറ്റ്ഗാലയിലും കേരളത്തിന്റെ കയ്യൊപ്പ്; കാർപ്പറ്റ് നെയ്തത് ആലപ്പുഴയിലെ കമ്പനി; കുറിപ്പുമായി മന്ത്രി രാജീവ്

തിരുവനന്തപുരം : ബോളിവുഡ് താരം ഷാരുഖ് ഖാൻ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഫാഷൻ ഇവൻ്റുകളിലൊന്നായ മെറ്റ്ഗാല 2025ൽ പങ്കെടുത്ത ഫോട്ടോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. മെറ്റ്ഗാല 2025 വേദിയിലെ കേരളത്തിന്റെ പങ്കാളിത്തവും ഇതോടൊപ്പം ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മെറ്റ്ഗാല വേദിയിൽ പാകിയിരിക്കുന്ന കടുംനീല നിറത്തിൽ ഡിസൈനോടുകൂടിയുള്ള കാർപ്പറ്റ് നിർമ്മിച്ചിരിക്കുന്നത് കേരളത്തിൽ നിന്നുള്ള സംരംഭമായ 'നെയ്ത്ത് - എക്സ്ട്രാവീവ്’ ആണ്. അതിമനോഹരമായ 57 റോളുകളായി ഏകദേശം 6840 ചതുരശ്ര മീറ്റർ കാർപ്പറ്റാണ് മെറ്റ്ഗാല 2025നായി ആലപ്പുഴയിൽ നിന്നുള്ള നെയ്ത്ത് - എക്സ്ട്രാവീവ് എന്ന കമ്പനി നിർമിച്ചുനൽകിയത്.
ലോകത്തിലെ തന്നെ അതിപ്രശസ്തരായ ഡിസൈനർമാരുമായി സഹകരിച്ചുകൊണ്ട് അതിപ്രശസ്തരായ സെലിബ്രിറ്റികൾ പങ്കെടുക്കുന്ന മെറ്റ്ഗാല ഫാഷൻ ഇവൻ്റ് ഓരോ വർഷവും ഓരോ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് സംഘടിപ്പിക്കുക. ഇവന്റിലെ കേരളത്തന്റെ പങ്കാളിത്തം അറിയിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും വ്യവസായ മന്ത്രി പി രാജീവ് ഷാരുഖാന്റെ ഫോട്ടോ സഹിതം ഫേയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
സൂപ്പർഫൈൻ ടൈലറിങ് ബാക്ക് സ്റ്റൈൽ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഈ വർഷത്തെ മെറ്റ്ഗാല ഇവൻ്റിൽ ഇതിനേക്കാൾ പ്രമേയത്തോട് നീതിപുലർത്തുന്ന കാർപ്പറ്റുകൾ ഒരുക്കാനാകില്ലെന്നും 480 തൊഴിലാളികൾ 90 ദിവസം കൊണ്ട് നെയ്തെടുത്ത കാർപ്പറ്റുകൾ ലോകത്തിൻ്റെയാകെ മനംകവർന്നുവെന്നതിൽ സംശയമില്ലെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.
വൂൾ കാർപ്പറ്റുകളിൽ നിന്ന് മാറിയതിന് ശേഷം ഇത്തവണയും സൈസിൽ ഫാബ്രിക്സാണ് കാർപ്പറ്റ് നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 2022ലും 2023ലും മെറ്റ്ഗാല ഇവൻ്റിനായി എക്സ്ട്രാവീവ്സ് കാർപ്പറ്റുകൾ നിർമ്മിച്ചുനൽകിയിരുന്നു. ബക്കിങ്ങ്ഹാം കൊട്ടാരത്തിലും വൈറ്റ് ഹൗസിലുമടക്കം കാർപ്പറ്റുകൾ വിതരണം ചെയ്തിട്ടുള്ള നെയ്ത്ത് എക്സ്ട്രാവീവ്സ് തുടർച്ചയായ നേട്ടങ്ങളിലൂടെ കേരളത്തിൻ്റെ ടെക്സ്റ്റൈൽ പെരുമ ലോകമാകെ രേഖപ്പെടുത്തുകയാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.










0 comments