ad
Deshabhimani

ദീപക്കിന്റെ ആത്മഹത്യ: യുവതി ഒളിവിൽ; അന്വേഷണം വിദേശത്തേക്കും

Shimjitha Musthafa Deepak
വെബ് ഡെസ്ക്

Published on Jan 21, 2026, 07:55 AM | 1 min read

കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന വ്യാജ ആരോപണത്തെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ചേർക്കപ്പെട്ട യുവതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.


ദീപക്കിനെതിരെ ആരോപണമുന്നയിച്ച ഷിംജിത എന്ന യുവതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവർ വിദേശത്തേക്ക് കടന്നതായി സംശയമുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.


ലൈംഗികാരോപണം ഉയർന്നതിൽ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം പറയുന്നു. മകന്റെ മരണത്തിന് ഉത്തരവാദിയായ ഷിംജിതയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ മാതാപിതാക്കൾ രംഗത്തെത്തി.


യുവതിയുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. വിദേശത്തേക്ക് കടന്നോ എന്ന് പരിശോധിക്കാൻ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.


ദീപക് നിരപരാധിയാണെന്നും അനാവശ്യമായ ആരോപണങ്ങളിൽ ഭയന്നാണ് ജീവനൊടുക്കിയതെന്നും മാതാപിതാക്കൾ പറഞ്ഞു. ഒരു പെണ്ണിനോടും മോശമായി പെരുമാറാത്ത തന്റെ മകൻ ഇത്തരമൊരു ആരോപണത്തിൽ തകർന്നുപോയെന്ന് ദീപക്കിന്റെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു.


മുസ്ലിം ലീഗ് നേതാവ് കൂടിയായ യുവതിയെ ഉടൻ പിടികൂടിയാൽ മാത്രമേ മരണത്തിന് പിന്നിലെ കൂടുതൽ സത്യങ്ങൾ പുറത്തുവരൂ എന്നാണ് കുടുംബത്തിന്റെ നിലപാട്. കേസിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുന്നതിനെക്കുറിച്ച് പൊലീസ് ആലോചിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home