എൽഡിഎഫ് സർക്കാരിന് തുടർച്ചയുണ്ടാകണം; ജനക്ഷേമ നയങ്ങൾക്കൊപ്പം നിൽക്കാൻ ബാങ്ക് ജീവനക്കാരുടെ ആഹ്വാനം

തിരുവനന്തപുരം: തൊഴിലാളിപക്ഷ, ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യ സർക്കാരിന് വീണ്ടും അവസരം നൽകുന്ന തരത്തിൽ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് ബാങ്ക് ജീവനക്കാരുടെ സംയുക്ത കൺവെൻഷൻ ആഹ്വാനം ചെയ്തു.
തിരുവനന്തപുരം ബെഫി സെന്ററിൽ സംഘടിപ്പിച്ച ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (BEFI), ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം, ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ എന്നീ സംഘടനകളുടെ ജില്ലാ കൺവെൻഷനിലാണ് ഈ ആഹ്വാനമുണ്ടായത്. എം വി നികേഷ് കുമാർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പൊതുമേഖലാ സ്ഥാപനങ്ങളെയും തൊഴിലാളി അവകാശങ്ങളെയും സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ ഹരികുമാർ (ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ്), പി സദാശിവൻ പിള്ള (ബെഫി മുൻ അഖിലേന്ത്യ പ്രസിഡന്റ്), സി പി രാധാകൃഷ്ണൻ (സംസ്ഥാന വൈസ് പ്രസിഡന്റ്, ഓൾ കേരള ബാങ്ക് റിട്ടയറീസ് ഫോറം), പി വി ജോസ് (സംസ്ഥാന ജനറൽ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക് റിട്ടയറീസ് ഫോറം) എന്നിവർ ആശംസകൾ അർപ്പിച്ചു.
ബെഫി ജില്ലാ സെക്രട്ടറി സ്വാഗതവും ബി ടി ഇ എഫ് ജില്ലാ സെക്രട്ടറി മണികണ്ഠൻ നന്ദിയും പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ബാങ്ക് സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരെയും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും ശക്തമായ പ്രതിരോധം തീർക്കാൻ ഇടതുപക്ഷത്തിന് കരുത്തേകേണ്ടത് അനിവാര്യമാണെന്ന് കൺവെൻഷൻ വിലയിരുത്തി. കേരളത്തിന്റെ വികസന തുടർച്ചയ്ക്കായി ഒറ്റക്കെട്ടായി അണിനിരക്കണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.










0 comments