മുഖ്യമന്ത്രിമാരുടെ 'പ്രായക്കണക്ക്'; സതീശൻ രണ്ടാമനോ? ചരിത്രം പറയുന്നത് മറ്റൊന്ന്, വസ്തുതയറിയാം

തിരുവനന്തപുരം: എ കെ ആന്റണിയ്ക്ക് ശേഷം കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി വി ഡി സതീശനാണെന്ന പ്രചാരണങ്ങൾ വസ്തുതാവിരുദ്ധം. കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസ് നമ്പൂതിരിപ്പാട് 1957ൽ അധികാരമേൽക്കുമ്പോൾ പ്രായം വെറും 48 വയസായിരുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള തെറ്റായ പ്രചാരണങ്ങൾ രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്.
കേരള ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന റെക്കോർഡ് 37-ാം വയസിൽ അധികാരമേറ്റ എ കെ ആന്റണിയ്ക്ക് തന്നെയാണ്. എന്നാൽ ആന്റണിയ്ക്ക് ശേഷം ആ പട്ടികയിൽ വരുന്നത് ഇ എം എസ് ആണ്. ഇതുകൂടാതെ മറ്റ് പല മുഖ്യമന്ത്രിമാരും സതീശനേക്കാൾ കുറഞ്ഞ പ്രായത്തിൽ പദവിയിലെത്തിയിട്ടുണ്ട്.
സി എച്ച് മുഹമ്മദ് കോയ, പി കെ വാസുദേവൻ നായർ എന്നിവർ 52-ാം വയസിൽ മുഖ്യമന്ത്രിയായിട്ടുണ്ട്. ആർ ശങ്കർ (53 വയസ്), സി അച്യുത മേനോൻ (56 വയസ്), കെ കരുണാകരൻ (59 വയസ്), ഉമ്മൻചാണ്ടി(61 വയസ്), ഇ കെ നായനാർ (62) എന്നിങ്ങനെയാണ് കണക്കുകൾ. ആന്റണിയ്ക്ക് ശേഷം സതീശൻ വരണമെങ്കിൽ ഈ ചരിത്രരേഖകളെല്ലാം തിരുത്തേണ്ടി വരും. ചരിത്രപരമായ ഇത്തരം വസ്തുതകൾ മറച്ചുവെച്ചുകൊണ്ടാണ് സതീശനെ 'യുവ മുഖ്യമന്ത്രി'യായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നത്.










0 comments