ad
Deshabhimani

വനിതാ കമ്മീഷന്റെ 'മുഖാമുഖം' പരിപാടി 13 മുതൽ: മൂന്ന് ദിവസങ്ങളിലായി മന്ത്രിമാർ പങ്കെടുക്കും

mukhamukham
വെബ് ഡെസ്ക്

Published on Oct 11, 2025, 05:57 PM | 2 min read

തിരുവനന്തപുരം: എല്ലാ മേഖലകളിലും സ്ത്രീശാക്തീകരണം സാധ്യമാക്കുന്നതിനായി കേരള വനിതാ കമ്മീഷൻ മുഖാമുഖം സംഘടിപ്പിക്കുന്നു. മൂന്ന് ദിവസങ്ങളിലായി തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടികൾക്ക് ഒക്ടോബർ 13ന് തുടക്കമാകും. പരിപാടിയിൽ മന്ത്രിമാരായ വീണാ ജോർജ്, എം ബി രാജേഷ്, പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും.


സ്ത്രീശാക്തീകരണത്തിലൂടെ സ്ത്രീകളുടെ സാമൂഹ്യപദവി ഉയർത്തുക, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള സർക്കാർ പദ്ധതികൾ അവരിലെത്തിക്കുക, പുതിയ ആശയങ്ങൾ സ്വരൂപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇറങ്ങിച്ചെന്ന് സ്ത്രീകളുടെ പ്രശ്‌നങ്ങൾ പഠിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കാനുള്ള കമ്മീഷന്റെ ശ്രമങ്ങളുടെ ഭാഗമാണിത്.


ആദ്യദിനം: 'നാം മുന്നോട്ട് – സ്ത്രീശക്തി വരും നാളുകളിൽ'


ആദ്യ ദിനമായ ഒക്ടോബർ 13 തിങ്കളാഴ്ച "നാം മുന്നോട്ട് – സ്ത്രീശക്തി വരും നാളുകളിൽ" എന്ന വിഷയത്തിലുള്ള മുഖാമുഖം നടക്കും. രാവിലെ 10 മണിക്ക് വനിതാ - ശിശു വികസന, ആരോഗ്യ മന്ത്രി വീണാ ജോർജ് പരിപാടി ഉദ്ഘാടനം ചെയ്യും. സർക്കാർ പ്ലീനറും പബ്ലിക് പ്രോസിക്യൂട്ടറുമായ ഡോ. ടി. ഗീനാകുമാരി വിഷയാവതരണം നടത്തും. കമ്മീഷനുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സന്നദ്ധ സംഘടനാ പ്രതിനിധികളും വുമൺ ഫെസിലിറ്റേറ്റർമാരുമാണ് പങ്കെടുക്കുക.


രണ്ടാം ദിനം: 'നൂതന കുടുംബശ്രീ സംരംഭങ്ങൾ'


രണ്ടാം ദിനമായ ഒക്ടോബർ 14 ചൊവ്വാഴ്ച "നൂതന കുടുംബശ്രീ സംരംഭങ്ങൾ - സാധ്യത, അവലോകനം" എന്ന വിഷയമാണ് ചർച്ച ചെയ്യുന്നത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് രാവിലെ 10 മണിക്ക് മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യും. കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണം യുവതികളുടെ സാമൂഹിക, സാംസ്കാരിക, ഉപജീവന ഉന്നമനത്തിനായി സൃഷ്ടിക്കുന്ന പുതിയ തൊഴിൽ സാധ്യതകൾ പരിപാടിയിൽ ചർച്ച ചെയ്യും. കുടുംബശ്രീ സംസ്ഥാന മിഷൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ നവീൻ സി. വിഷയാവതരണം നടത്തും.


മൂന്നാം ദിനം: 'സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ'


മൂന്നാം ദിനമായ ഒക്ടോബർ 15 ബുധനാഴ്ച "സ്ത്രീശാക്തീകരണം ഉത്തരവാദിത്ത ടൂറിസത്തിലൂടെ" എന്ന വിഷയത്തിലാണ് ചർച്ച. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് രാവിലെ 10 ന് ഉദ്ഘാടനം നിർവഹിക്കും. ഉത്തരവാദിത്ത ടൂറിസം മേഖലയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചാകും ചർച്ചകൾ നടക്കുക. കേരള റെസ്പോൺസിബിൾ ടൂറിസം മിഷൻ സൊസൈറ്റി സിഇഒ രൂപേഷ് കുമാർ വിഷയാവതരണം നടത്തും. വിവിധ ടൂറിസം ക്ലബ്ബുകൾ, ഉത്തരവാദിത്ത ടൂറിസം രംഗത്തെ വനിതാ സംരംഭകർ, വിദ്യാർഥി കൂട്ടായ്മകൾ എന്നിവർ ഇതിൽ പങ്കെടുക്കും.


എല്ലാ ദിവസവും കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ മുഖ്യാതിഥിയായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home