വനിതാ ദിനം: സ്ത്രീശക്തി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; താന്യ നാഥൻ ഉൾപ്പെടെ ആറുപേർക്ക് അവാർഡ്

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനുബന്ധിച്ച് കേരള വനിതാ കമ്മിഷൻ നൽകുന്ന സ്ത്രീശക്തി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിവിധ മേഖലകളിൽ കരുത്തുതെളിയിച്ച ആറുപേർക്കാണ് ഇത്തവണ അവാർഡ് ലഭിക്കുകയെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ പി സതീദേവി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കാഴ്ചപരിമിതിയെ അതിജീവിച്ച് ജുഡീഷ്യറിയിൽ നിയമനം നേടിയ താന്യ നാഥൻ (കണ്ണൂർ), തെങ്ങ് കയറ്റത്തിൽ മാസ്റ്റർ ട്രെയിനറായ സുനീലി (വർക്കല), കയാക്കിംഗിൽ മെഡൽ നേടിയ സ്വാലിഹ, പവർലിഫ്റ്റിംഗിൽ സ്വർണം നേടിയ സൈനബ (കോഴിക്കോട്), ട്രക്കിംഗ് താരം സീന സാറ മജ്നു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ രോഷ്‌നി എന്നിവരാണ് അവാർഡിന് അർഹരായത്.
ഫെബ്രുവരി 18-ന് രാവിലെ 11-ന് നടക്കുന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. മികച്ച ജാഗ്രതാ സമിതികൾക്കുള്ള അവാർഡും പ്രഖ്യാപിച്ചു. കാസർകോട് ജില്ലാ പഞ്ചായത്ത്, മട്ടന്നൂർ നഗരസഭ, മാറനല്ലൂർ ഗ്രാമപഞ്ചായത്ത് എന്നിവയാണ് വിവിധ വിഭാഗങ്ങളിൽ പുരസ്കാരത്തിന് അർഹമായത്.
സ്ത്രീകളുടെ മാധ്യമപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രത്യേക പുരസ്കാരങ്ങളും ചടങ്ങിൽ നൽകും. ഫെബ്രുവരി 19-ന് പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകർക്കായി ശില്പശാല സംഘടിപ്പിക്കുമെന്നും വനിതാ കമ്മിഷൻ അറിയിച്ചു.










0 comments