ad
Deshabhimani

കേരളത്തിൽ ലേബർകോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്ര അജൻഡകൾ നടപ്പാക്കാൻ അസാധാരണ തിടുക്കം

v d satheesan
വെബ് ഡെസ്ക്

Published on Sep 21, 2026, 06:42 PM | 1 min read

തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പുതിയ തൊഴിലവസരങ്ങൾ നിഷേധിക്കുന്ന, നിശ്ചിതകാല തൊഴിലിലൂടെ കൂലി അടിമകളെ സൃഷ്ടിക്കുന്ന ലേബർകോഡുകൾക്കെതിരെ രാജ്യത്ത് വൻ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ലേബ‌ർ കോഡ് അല്ലാതെ മറ്റൊരു തൊഴിൽ നിയമവും നിലവിലില്ലെന്നും അത് നടപ്പാക്കാതിരുന്നാൽ കേരളത്തിൽ തൊളിലാളികൾക്കായി ഒരു നിയമവുമുണ്ടാകില്ല എന്നുമാണ് സതീശൻ പറയുന്നത്. കേന്ദ്രവുമായി ഏറ്റുമുട്ടാനില്ലെന്ന പേരിൽ ലേബർ കോഡ് നടപ്പാക്കാൻ സഹായിക്കുന്ന ചട്ടം നിർമിക്കാനാണ് യുഡിഎഫ് നീക്കം.


കോൺ​ഗ്രസിന്റെ ദേശീയ നേതൃത്വം തന്നെ ലേബർ കോഡുകളെ എതിർക്കുന്നതിനിടെയാണ് കേരളത്തിൽ അവ നടപ്പാക്കുമെന്ന് മുഖ്യമന്തി പറയുന്നത്. കേന്ദ്രത്തിന്റെ സംഘപരിവാർ ആശയങ്ങൾ കേരളത്തിൽ അതിവേഗം നടപ്പിലാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ബിജെപി സ‌ക്കാരിനെ പ്രീണിപ്പിക്കാനായി പിഎം ശ്രീ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതും കേരള ജനതയ്ക്ക് മുന്നിലുണ്ട്. പിന്നാലെയാണ് ലേബർ കോഡുകളും നടപ്പിലാക്കാനുള്ള നീക്കങ്ങൾ നടക്കുന്നത്.


കോവിഡ്‌ നിയന്ത്രണമുള്ളപ്പോഴാണ് പാർലമെന്റിന്റെ ഇരുസഭകളും ചർച്ച ചെയ്യാതെ 29 തൊഴിൽ നിയമങ്ങൾ ഏകീകരിച്ചത്. 2025 നവംബർ 21 രാജ്യവ്യാപകമായി പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു. പാർലമെന്റിൽ ലേബർ സ്‌റ്റാൻഡിങ്‌ കമ്മിറ്റി നിർദേശിച്ച ഒരു മാറ്റവും വരുത്താൻ സർക്കാർ തയ്യാറായില്ല. തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പാക്കുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനുപകരം കോർപറേറ്റ്‌ താൽപ്പര്യങ്ങൾ നടപ്പാക്കാനാണ്‌ പുതിയ ലേബർ കോഡുകൾ. സ്വകാര്യവൽക്കരണത്തെ അതിവേ​ഗത്തിലാക്കുന്ന ലേബർ കോഡുകൾ നടപ്പിലാക്കരുതെന്ന ആവശ്യം ഇടതുപക്ഷ സംഘടനകൾ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി പ്രതിഷേധങ്ങളും നടന്നുവരുന്നു.


ലേബർ കോഡ് നടപ്പിലാക്കിയാൽ തൊഴിൽ വകുപ്പിന്റെ ലേബർ ഇൻസ്‌പെക്ഷൻ ഇല്ലാതാകും. 12 മണിക്കൂർ വരെ ജോലിസമയം നീട്ടാനും തൊഴിലാളികൾക്ക്‌ അവകാശങ്ങൾ ചോദിക്കാനുമുള്ള അവകാശം പോലും നിഷേധിക്കുകയും ചെയ്യും. സിവിൽ സർവീസിനെയും ലേബർ കോഡുകൾ തകർക്കുമെന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ലേബർ വകുപ്പിന്റെ ഭാവി തന്നെ അനിശ്‌ചിതത്വത്തിലാകും. രാജ്യത്തെ ട്രേഡ്‌ യൂണിയനുകളുമായി കൂടിയാലോചന നടത്തി തൊഴിലാളിവർഗ താൽപര്യം മുൻനിർത്തി ലേബർ കോഡുകൾ പിൻവലിക്കമമെന്ന് ആവശ്യപ്പെടേണ്ട കേരളത്തിലെ സർക്കാർ അത് നടപ്പാക്കാൻ കേന്ദ്രത്തിന് വഴിയൊരുക്കി നൽകുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home