ചുട്ടുപൊള്ളി കേരളം; 12 ജില്ലകളിൽ യെല്ലോ അലർട്ട്, പാലക്കാട് 40 ഡിഗ്രി കടന്നേക്കാം

തിരുവനന്തപുരം: വേനൽമഴ നൽകിയ നേരിയ ആശ്വാസത്തിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും ഉഷ്ണതരംഗ സമാനമായ സാഹചര്യം. വയനാടും ഇടുക്കിയും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിൽ കനത്ത ചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
വെള്ളിയാഴ്ച വരെ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ അറിയിപ്പ് പ്രകാരം പാലക്കാട് ജില്ലയിലാണ് ഏറ്റവും ഉയർന്ന താപനില പ്രതീക്ഷിക്കുന്നത്. ഇവിടെ 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കാം. കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും കോട്ടയത്ത് 38 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ട്.
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. തിരുവനന്തപുരം ജില്ലയിൽ സാധാരണയേക്കാൾ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെ ചൂട് അനുഭവപ്പെട്ടേക്കാം. ഉയർന്ന താപനിലയ്ക്കൊപ്പം വായുവിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നത് മലയോര മേഖലകൾ ഒഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ശാരീരിക ബുദ്ധിമുട്ടുകൾക്കും കാരണമാകും.
വെള്ളിയാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ തുടരുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.









0 comments