സംസ്ഥാനത്ത് ആശ്വാസ മഴയെത്തുന്നു: മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കടുത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴയെത്തുന്നു. ഇന്ന് (21/04/2026) മുതൽ ബുധനാഴ്ച (23/04/2026) വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മഴയ്ക്കുള്ള സാധ്യത നിലനിൽക്കുമ്പോഴും സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ ഉയർന്നേക്കും. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37 ഡിഗ്രിയും തിരുവനന്തപുരത്ത് 36 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തിയേക്കാം.
കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നൽ ദൃശ്യമാകണമെന്നില്ലാത്തതിനാൽ ജാഗ്രതയിൽ വീഴ്ച വരുത്തരുത്. ഇടിമിന്നൽ സമയത്ത് വീട്ടുപകരണങ്ങളുടെ വൈദ്യുത ബന്ധം വിച്ഛേദിക്കുക. തുറസായ സ്ഥലങ്ങളിലും മരങ്ങൾക്കും താഴെ നിൽക്കുന്നത് ഒഴിവാക്കുക.









0 comments