Deshabhimani

സവാള പൊള്ളും, പച്ചമുളക് തൊട്ടാലെരിയും; പച്ചക്കറി വില കുതിക്കുന്നു

Vegetables
വെബ് ഡെസ്ക്

Published on Oct 14, 2026, 09:56 PM | 2 min read

തിരുവനന്തപുരം : സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് പച്ചക്കറി വില കുതിച്ചു കയറുകയാണ്. ഒരു മാസത്തിനിടെ പച്ചക്കറിയുടെ വില ഒറ്റയടിക്കാണ് വർധിച്ചത്. അടുക്കളയിൽ എന്നും ആവശ്യമുള്ള പച്ചക്കറികൾക്കെല്ലാം താങ്ങാനാവാത്ത വിലയാണ്. ഓണക്കാലത്ത് കുത്തനെ ഉയർന്ന പച്ചക്കറി വില പിടിച്ചു നിർത്താൻ ഒന്നരമാസം കഴിഞ്ഞിട്ടും സർക്കാരിന് സാധിച്ചിട്ടില്ല. വില നിയന്ത്രിക്കുന്നതിന് വേണ്ട യാതൊരു വിപണി ഇടപെടലും സർക്കാരിന്റെ ഭാ​ഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.


സവാളയുടെ വില സെപ്റ്റംബർ തുടക്കത്തിൽ 46 രൂപയായിരുന്നെങ്കിൽ ഇന്നത് 80 രൂപയാണ്. ചെറിയ ഉള്ളിക്കാണ് ഒറ്റയടിക്ക് വില വർധിച്ചത്. സെപ്റ്റംബർ തുടക്കത്തിൽ 74 രൂപയായിരുന്ന ചെറിയ ഉള്ളിക്ക് നിലവിൽ 100 രൂപയ്ക്ക് മുകളിലാണ് വില.


തക്കാളിയുടെ വിലയും വർധിച്ചിട്ടുണ്ട്. സെപ്റ്റംബർ തുടക്കത്തിൽ 32 രൂപയായിരുന്ന വില ഇന്ന് 70 രൂപയാണ്. പച്ചമുളകിന്റെ വിലയും കുതിക്കുകയാണ്. സെപ്റ്റംബർ ഒന്നാം തിയതി 65 രൂപയായിരുന്ന പച്ചമുളകിപ്പോൾ തൊട്ടാൽ എരിയും വിധം കിലോക്ക് 90 രൂപയാണ്. ഇഞ്ചിയും വെളുത്തുള്ളിയും വിലയിൽ ഒന്നാമതാണ്. ഇഞ്ചിക്ക് ഒരു കിലോക്ക് 200 രൂപയാണെങ്കിൽ, വെളുത്തുള്ളിക്ക് 216 രൂപവരെയാണ് ഇന്നത്തെ വില. ഓണക്കാലത്ത് ഇഞ്ചിക്ക് 90 രൂപയായിരുന്നു. വെളുത്തുള്ളിക്ക് ഓണക്കാലത്തേക്കാളും വില കുറഞ്ഞെങ്കിലും, സെപ്റ്റംബർ പകുതിയായപ്പോൾ വീണ്ടും വില കുറഞ്ഞിരുന്നു.


പച്ചക്കറി വില വർധിക്കുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്നത് ചെറുകിട ഇടത്തരം ഹോട്ടൽ മേഖലയാണ്. കുടുംബശ്രീ ഹോട്ടലുകളും, ഉച്ചയൂണ് മാത്രം വിൽക്കുന്ന ചെറിയ ഹോട്ടലുകളും പച്ചക്കറി വില വർധിച്ചതോടെ പ്രതിസന്ധിയിലാണ്. പച്ചക്കറിക്ക് പുറമെ, അരിയും പരിപ്പും മുതൽ അവശ്യസാധനങ്ങളുടെയെല്ലാം വില കുതിച്ചുയർന്നിട്ടുണ്ട്. കാറ്ററിം​ഗ് മേഖലയും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പ്രത്യേകിച്ച് ചെറിയ ഓർഡറുകൾ സ്വീകരിക്കുന്ന കാറ്ററിം​ഗ് സർവീസുകളെയാണ് വിലക്കയറ്റം സാരമായി ബാധിച്ചത്.

ഓണത്തിന് ശേഷം വിലയിൽ നേരിയ കുറവുണ്ടായിരുന്നെങ്കിലും ഇടവേളയ്ക്ക് ശേഷം വീണ്ടും വില കുത്തനെ ഉയർന്നിരിക്കുകയാണ്. വിലക്കയറ്റത്തിന്റെ ഏറ്റവും വലിയ ബാധ്യത സാധാരണ ഉപഭോക്താക്കളിലാണ് വന്നു ചേരുന്നത്. പച്ചക്കറിയുടെ വില ഉയർന്നതോടെ കച്ചവടക്കാരും ആശങ്കയിലാണ്. അന്യസംസ്ഥാനങ്ങളിൽ വിളവെടുപ്പ് കുറഞ്ഞതും, പച്ചക്കറി വരവ് കുറഞ്ഞതുമാണ് വിലവർധനയ്ക്ക് പ്രധാന കാരണം. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സർക്കാർ ശക്തമായ ഇടപെടലുകൾ നടത്തണമെന്നാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ, പൊതുജനത്തെ ബാധിക്കുന്ന പ്രധാന വിഷയമായിരുന്നിട്ടും വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികളൊന്നുമെടുക്കാതെ മൗനം തുടരുകയാണ് സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home