Deshabhimani

print edition വിസിയുടെ നീക്കം തള്ളി സെനറ്റ്‌; കേരളയിൽ വിദ്യാർഥിരാഷ്‌ട്രീയം നിരോധിക്കില്ല

Students Strike Kerala University.jpg
വെബ് ഡെസ്ക്

Published on Sep 29, 2026, 01:30 AM | 1 min read

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിദ്യാർഥിരാഷ്‌ട്രീയത്തിന്‌ നിരോധനം ഏർപ്പെടുത്താനുള്ള നീക്കം നടത്തില്ലെന്ന്‌ സെനറ്റ്‌ യോഗ തീരുമാനം. സംഘടിക്കുന്നത്‌ കുറ്റകരമാക്കിക്കൊണ്ട്‌ വിദ്യാർഥികൾക്കുള്ള പെരുമാറ്റച്ചട്ടം 2026 എന്ന പേരിൽ പുറത്തുവന്ന കരടുരേഖ വൻ വിവാദമായിരുന്നു.


സെനറ്റ്‌ യോഗത്തിൽ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാൻ എസ്‌ ശിവയാണ്‌ വിഷയം അടിയന്തര പ്രമേയമായി കൊണ്ടുവന്നത്‌. ഭൂരിപക്ഷം അംഗങ്ങളും പ്രമേയത്തെ പിന്തുണച്ചു. വിദ്യാർഥി സംഘടനാപ്രവർത്തനം വിലക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലെന്ന്‌ ചർച്ചയിൽ അംഗങ്ങൾ വ്യക്തമാക്കി. ഇതോടെ, സർവകലാശാലയുടെ കീഴിലെ ഒരു കോളേജിലും വിദ്യാർഥി രാഷ്‌ട്രീയം നിരോധിക്കാനുള്ള ശ്രമം ഉണ്ടാകില്ലെന്ന്‌ സർവകലാശാല നേതൃത്വം പ്രഖ്യാപിച്ചു.


വിദ്യാർഥികളെ പുറത്താക്കാനും ഒരുലക്ഷം രൂപവരെ പിഴ ചുമത്താനുമടക്കം വ്യവസ്ഥ ചെയ്യുന്നതായിരുന്നു കരട്‌ പെരുമാറ്റച്ചട്ടം. ക്യാന്പസ്‌ രാഷ്‌ട്രീയത്തെക്കുറിച്ച്‌ അഭിപ്രായം സമാഹരിക്കാൻ ആവശ്യപ്പെട്ട്‌ വൈസ്‌ ചാൻസലർമാർക്ക്‌ ചാൻസലറായ ഗവർണർ കത്തയച്ചിരുന്നു. ഇതിനുപിന്നാലെയായിരുന്നു വിവാദ നീക്കം. ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ്‌ സർവകലാശാല അധികൃതർ പിന്നോട്ടുപോയത്‌.


​പ്രതിഷേധിച്ച്‌ ഇടതുപക്ഷ അംഗങ്ങൾ


സംഘപരിവാർ അധ്യാപികയുടെ ജാതി അധിക്ഷേപത്തിന്‌ ഇരയായ ഗവേഷക വിദ്യാർഥി വിപിൻ വിജയന്‌ പിഎച്ച്‌ഡി നൽകുന്നത്‌ മാസങ്ങളായി നീക്കിക്കൊണ്ടുപോകുന്നതിനെതിരെ ഇടതുപക്ഷ സെനറ്റ്‌ അംഗങ്ങൾ യോഗത്തിൽ പ്രതിഷേധിച്ചു. ജാതി വിവേചനം അനുവദിക്കില്ല, നീതി ഉറപ്പാക്കണം, ഡീനിന്‌ ഇഷ്‌ടമുള്ളവർക്ക്‌ കൊടുക്കാനുള്ളതല്ല പിഎച്ച്‌ഡി, നിയമം പാലിക്കണം തുടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. 2025 ഒക്ടോബർ 15ന്‌ നടന്ന ഓപ്പൺ ഡിഫൻസിനുശേഷം പിഎച്ച്‌ഡി നൽകാൻ ശുപാർശ ചെയ്യപ്പെട്ടിരുന്നു. സംസ്‌കൃത വിഭാഗം മേധാവിയും ഡീനുമായ ഡോ. സി എൻ വിജയകുമാരിയുടെ എതിർപ്പിന്റെ പേരിലാണ്‌ സർവകലാശാല വിപിൻ വിജയന്‌ പിഎച്ച്‌ഡി നൽകാതെ തടഞ്ഞിരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home