print edition വിമർശനങ്ങൾ ഭയന്ന് സർക്കാർ നടപടി; ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പിന് വിലക്ക്

ട്രഷറി വകുപ്പിന്റെ സർക്കുലർ
തിരുവനന്തപുരം: സർവീസ് മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നത് വിലക്കി ട്രഷറി വകുപ്പ്. സർക്കാരിന്റെ നിർദേശത്തെത്തുടർന്നാണ് ട്രഷറി ഡയറക്ടറുടെ സർക്കുലർ. ഒൗദ്യോഗിക ആവശ്യത്തിനല്ലാതെ ഗ്രൂപ്പുകൾ പാടില്ലെന്നും ഓഫീസ് തിരിച്ചോ സെക്ഷൻ തിരിച്ചോ വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയവയിൽ ഗ്രൂപ്പുകൾ രൂപീകരിക്കാൻ പാടില്ലെന്നുമാണ് നിർദേശം.
ജീവനക്കാരുടെ ആവശ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാനാണ് ഗ്രൂപ്പുകളുണ്ടാക്കുന്നത്. അക്കാര്യത്തിൽ സർക്കാരിനെതിരെ വിമർശനങ്ങളുണ്ടായേക്കാം. ഇതില്ലാതാക്കാനാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ള ധനവകുപ്പ് ശ്രമിക്കുന്നത്.
വിമർശനങ്ങളെ സർക്കാർ ഭയക്കുന്നുവെന്നാണിത് വ്യക്തമാകുന്നത്. ഇത് മറ്റ് വകുപ്പുകളിലും നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. നിർദേശങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്.
ട്രഷറി വകുപ്പിലെ സ്ഥാനക്കയറ്റവും നിലച്ചിരിക്കുകയാണ്. നിലവിൽ സ്ഥാനക്കയറ്റത്തിലൂടെ നികത്തേണ്ട 66 ഒഴിവുകളുണ്ട്. നാലു ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ കോട്ടയത്തുമാത്രമാണ് ഡെപ്യൂട്ടി ഡയറക്ടറുള്ളത്. നാലു ജില്ലകളിൽ ജില്ലാ ട്രഷറി ഓഫീസറില്ല. സ്വാഭാവികമായും പരിശോധനകൾ ഉൾപ്പെടെയുള്ള ട്രഷറി ഓഫീസിന്റെ നടപടികളെ ഇത് ബാധിക്കും.
ഇക്കാര്യങ്ങൾ ജീവനക്കാരുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നുണ്ട്. കഴിഞ്ഞദിവസം ജീവനക്കാർ ട്രഷറി ഡയറകടറേറ്റിനുമുന്നിൽ പ്രകടനം നടത്തിയിരുന്നു. ഇതാണ് സർക്കാരിനെ വാട്സാപ്പിൽ ഗ്രൂപ്പുകൾ വിലക്കാൻ പ്രകോപിപ്പിച്ചത്.








0 comments