യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിൻ സർവീസുകളിൽ മാറ്റം; മാവേലി എക്സ്പ്രസ് കോട്ടയം വഴി

തിരുവനന്തപുരം : ട്രാക്കിലെ അറ്റകുറ്റപ്പണികളെ തുടർന്ന് കേരളത്തിലൂടെ ഓടുന്ന ട്രെയിൻ സർവീസുകളുടെ സമയത്തിൽ മാറ്റം. ഇരിങ്ങാലക്കുട–പുതുക്കാട് സെക്ഷനിലും എറണാകുളം യാർഡിലുമുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഒക്ടോബർ 16, 17 തീയതികളിലടക്കം വിവിധ ദിവസങ്ങളിൽ ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുമുണ്ട്.
ഒക്ടോബർ 16ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടേണ്ട കൊല്ലം –എറണാകുളം മെമു (66310) പൂർണമായി റദ്ദാക്കി.
ഒക്ടോബർ 16ന് രാത്രി 11.15ന് ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്സ്പ്രസ് (16128) കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
ഒക്ടോബർ 16ന് വൈകിട്ട് 5.40ന് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസും (16604) കോട്ടയം വഴി തിരിച്ചു വിടും.
ഒക്ടോബർ 17ന് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് സ്റ്റേഷനുകളിലെ നിശ്ചിത സ്റ്റോപ്പുകൾ ഒഴിവാക്കും. പകരം കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ താൽകാലിക സ്റ്റോപ്പുകൾ അനുവദിക്കും.
കണ്ണൂരിൽ നിന്ന് എറണാകുളം വരെ പോകുന്ന കണ്ണൂർ–എറണാകുളം ജംഗ്ഷൻ എക്സ്പ്രസ് (16306) ഒക്ടോബർ 16, 17, 18, 23, 24, 25, 27, 30, 31 തീയതികളിൽ തൃശൂരിൽ യാത്ര അവസാനിപ്പിക്കുമെന്നും റെയിൽവേ അറിയിച്ചു. ഈ ദിവസങ്ങളിൽ തൃശൂർ – എറണാകുളം ജംഗ്ഷൻ ഭാഗത്തേക്ക് സർവീസ് ഉണ്ടായിരിക്കില്ല.
ഒക്ടോബർ 17ന് എറണാകുളം ജങ്ഷനിൽനിന്ന് പുറപ്പെടേണ്ട എറണാകുളം – ഗുരുവായൂർ പാസഞ്ചർ (56318) ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും ഗുരുവായൂരിനും ഇടയിലുള്ള സർവീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്.
മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മംഗളൂരു – തിരുവനന്തപുരം ഡെയിലി എക്സ്പ്രസ് (16348) ഒക്ടോബർ 17, 18 തീയതികളിൽ 60 മിനിറ്റ് വൈകിയോടുമെന്നും അറിയിച്ചിട്ടുണ്ട്.
ട്രെയിൻ സർവീസുകളിൽ സമയമാറ്റമുള്ളതിനാൽ യാത്രക്കാർ പുറപ്പെടുന്നതിന് മുമ്പ് പുതുക്കിയ സമയക്രമവും സ്റ്റോപ്പുകളും പരിശോധിക്കണം. റെയിൽവേയുടെ ഔദ്യോഗിക അറിയിപ്പുകളും ശ്രദ്ധിക്കണം.









0 comments