റെക്കോർഡുകൾ തകർത്ത് കേരള ടൂറിസം; 2025-ൽ എത്തിയത് രണ്ടരക്കോടിയിലധികം സഞ്ചാരികൾ

തിരുവനന്തപുരം: കേരള വിനോദസഞ്ചാര മേഖലയിൽ ചരിത്രപരമായ മുന്നേറ്റം. 2025-ൽ സംസ്ഥാനം സന്ദർശിച്ച വിനോദസഞ്ചാരികളുടെ എണ്ണം സർവ്വകാല റെക്കോർഡുകൾ ഭേദിച്ചു. ടൂറിസം വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2025-ൽ ആകെ 2,58,80,365 സഞ്ചാരികളാണ് കേരളത്തിലെത്തിയത്.
2024-നെ അപേക്ഷിച്ച് (2,29,85,363) 28,95,002 പേർ അധികമായി 2025-ൽ കേരളത്തിലെത്തി. ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 12.64% വർദ്ധനവ് രേഖപ്പെടുത്തി. കോവിഡ് കാലത്തിന് മുൻപുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 36.3% അധികമാണ്.
2025-ൽ 8,21,999 വിദേശ സഞ്ചാരികൾ കേരളം സന്ദർശിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 11.33% വർദ്ധനവാണിത്. കേരള ടൂറിസത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ പിന്തുണ നൽകിയ എല്ലാവർക്കും ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് നന്ദി അറിയിച്ചു.
സർക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകളും വിപണന തന്ത്രങ്ങളുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പല പ്രതിസന്ധികളെയും അതിജീവിച്ച് കേരളത്തിന്റെ ടൂറിസം മേഖല കരുത്താർജ്ജിക്കുന്നതിന്റെ സൂചനയായാണ് ഈ റെക്കോർഡ് വർദ്ധനവിനെ വിലയിരുത്തുന്നത്.
ഉത്തരവാദിത്ത ടൂറിസം പദ്ധതികൾക്കും കാരവൻ ടൂറിസം പോലുള്ള പുതിയ പരീക്ഷണങ്ങൾക്കും ലഭിച്ച സ്വീകാര്യതയും ഈ നേട്ടത്തിൽ നിർണ്ണായകമായി.










0 comments