വിദ്വേഷത്തിന് സ്ഥാനമില്ല; 'കേരള സ്റ്റോറി 2'നെ ട്രോളി ടൂറിസം വകുപ്പിന്റെ മാസ് പോസ്റ്റർ, കയ്യടിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള 'ദി കേരള സ്റ്റോറി 2' സിനിമയ്ക്കെതിരെ പരോക്ഷ പരിഹാസവുമായി സംസ്ഥാന ടൂറിസം വകുപ്പ്. "നോ ബീഫ് വിത്ത് എനിവൺ" (NO BEEF WITH ANYONE) എന്ന ഇരട്ട അർത്ഥമുള്ള തലക്കെട്ടോടെയുള്ള പോസ്റ്ററാണ് ടൂറിസം വകുപ്പ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
സിനിമയുടെ ട്രെയിലറിലെ ബീഫ് വിവാദത്തിന് പിന്നാലെ വന്ന ഈ പോസ്റ്റർ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആരോടും വിദ്വേഷമില്ലാത്ത നാട്, അതാണ് ആഹ്ലാദത്തിനുള്ള രുചിക്കൂട്ട് എന്ന സന്ദേശമാണ് പോസ്റ്ററിലൂടെ ടൂറിസം വകുപ്പ് നൽകുന്നത്.
"സ്നേഹം, ഐക്യം, എല്ലാവരെയും ഉൾക്കൊള്ളുന്ന വിശാലമായ മനസ്സ്; ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം" എന്ന കുറിപ്പോടെയാണ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. കേരളത്തിന്റെ അതിഥി മര്യാദയെയും മതേതര പാരമ്പര്യത്തെയും ഉയർത്തിക്കാട്ടുന്ന പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.
കേരളത്തിൽ ബീഫ് നിർബന്ധിച്ച് കഴിപ്പിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങൾ സിനിമയുടെ ട്രെയിലറിൽ ഉൾപ്പെടുത്തിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുള്ള കൃത്യമായ മറുപടിയാണ് "നോ ബീഫ്" എന്ന പ്രയോഗത്തിലൂടെ ടൂറിസം വകുപ്പ് നൽകിയതെന്ന് കമന്റുകൾ പറയുന്നു.
'വിദ്വേഷമില്ല' എന്ന അർത്ഥം വരുന്ന ഇംഗ്ലീഷ് ശൈലി സമർത്ഥമായി ഉപയോഗിച്ചതിനെ പലരും അഭിനന്ദിച്ചു. സംഘപരിവാർ അജണ്ടകൾക്ക് കേരളത്തിന്റെ മതേതര മണ്ണിൽ സ്ഥാനമില്ലെന്ന പ്രഖ്യാപനമായാണ് ഈ പോസ്റ്റർ വിലയിരുത്തപ്പെടുന്നത്.










0 comments