മെഡിക്കൽ ഡിവൈസ് വ്യവസായങ്ങളുടെ ഹബ്ബാവാൻ കേരളം; ലൈഫ് സയൻസ് പാർക്കിലേക്ക് പുതിയ കമ്പനികൾ

തിരുവനന്തപുരം : തിരുവനന്തപുരം തോന്നയ്‌ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ പുതിയ കമ്പനികൾ ആരംഭിക്കുന്നു. ഓർത്തോനെക്സ ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പുതിയ മാനുഫാക്ചറിങ്ങ് പ്ലാൻ്റിന് പാർക്കിൽ തറക്കല്ലിട്ടു. മന്ത്രി പി രാജീവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനി ത്രീ ഡി പ്രിൻ്റിങ്ങ് സാങ്കേതിക വിദ്യയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും ഉപയോഗിച്ച് യൂറോപ്യൻ സ്റ്റാൻ്റേർഡോഡ് കൂടിയ ഉപകരണങ്ങളാണ് ഇവിടെ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ചുരുങ്ങിയത് 300 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ ഉദ്ദേശിക്കുന്ന കമ്പനി 8 മാസം കൊണ്ട് പ്രവർത്തനം ആരംഭിക്കും.
ഇന്ത്യയിലെ ആകെ മെഡിക്കൽ ഡിവൈസ് മാനുഫാക്ചറിങ്ങ് വ്യവസായത്തിൻ്റെ 24 ശതമാനം വിറ്റുവരവ് ഇന്ത്യയുടെ 1.18 ശതമാനം ഭൂവിസ്തൃതി മാത്രമുള്ള കേരളത്തിൽ നിന്നാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 70ലധികം മെഡിക്കൽ ഉപകരണ നിർമാണ യൂണിറ്റുകൾ, 11 ജില്ലകളിലായി 10 പ്രീമിയം അക്കാദമിക് സ്ഥാപനങ്ങൾ, 57ലധികം റിസർച്ച് സ്ഥാപനങ്ങൾ എന്നിവ സംസ്ഥാനത്തുണ്ട്. രാജ്യത്തിൻ്റെ മെഡിക്കൽ ഡിവൈസ് വ്യവസായങ്ങളുടെ ഹബ്ബായി മാറാനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഊർജ്ജം പകർന്നുകൊണ്ട് കൂടുതൽ കമ്പനികൾ കേരളത്തിലേക്കെത്തുകയാണ്. കേരളം മുൻഗണനാ വ്യവസായ മേഖലയായി കാണുന്ന മെഡിക്കൽ ഡിവൈസ് മേഖലയിൽ കൃത്യമായ മുന്നേറ്റം കൊണ്ടുവരാൻ സർക്കാരിന് സാധിക്കുകയാണെന്നും മന്ത്രി പറഞ്ഞു.










0 comments