print edition ഒന്നുമറിയാതെ മന്ത്രി ഒ ജെ ജനീഷ്

തൃശൂർ: തൃശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ ഗെയിംസ് നടത്തിപ്പിൽ ഗുരുതര വീഴ്‌ചയുണ്ടായിട്ടും ഇതേക്കുറിച്ച് ഒന്നുമറിയാതെ മന്ത്രി ഒ ജെ ജനീഷ്. അക്വാട്ടിക്‌സ് കോംപ്ലക്‌സിൽ ഗെയിംസിനായി കെട്ടിയ പന്തൽ തകർന്ന് കുട്ടികൾക്ക് പരിക്കേറ്റിട്ടും ജില്ലയുടെ ചുമതലയുള്ള കായിക മന്ത്രികൂടിയായ ജനീഷ് ഒരു ഇടപെടലും നടത്തിയിട്ടില്ല. ജില്ലയിലേക്ക് വരാൻപോലും താൽപ്പര്യം കാണിച്ചില്ല. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നതിനെത്തുടർന്ന് തിങ്കളാഴ്‌ച വൈകിട്ട് പേരിനൊരു സന്ദർശനമാണ് നടത്തിയത്.
അക്വാട്ടിക്‌സ് കോംപ്ലക്‌സ് സന്ദർശിച്ചശേഷം അപകടം അധ്യാപകരുടെ മേൽകെട്ടിവയ്‌ക്കുകയാണ് മന്ത്രി ചെയ്‌തത്. മന്ത്രിയുടെ ഓഫീസിന് സംസ്ഥാന സ്‌കൂൾ ഗെയിംസ് തൃശൂരിൽ നടക്കുന്നത് സംബന്ധിച്ച് ഒരു അറിയിപ്പും കിട്ടിയിട്ടില്ലെന്നാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. അതേസമയം പരിപാടിയുടെ ഉദ്‌ഘാടകനായി തീരുമാനിച്ചിരുന്നത് ജനീഷിനെയായിരുന്നു. സ്വന്തം ജില്ല വേദിയായ ഗെയിംസ് അറിഞ്ഞില്ലെന്ന് പറയുന്ന മന്ത്രി ഇതുസംബന്ധിച്ച് കോഴിക്കോട്ട് നടന്ന സ്വാഗതസംഘം ഓഫീസ് ഉദ്‌ഘാടനത്തിലും യോഗത്തിലും പങ്കെടുത്തിട്ടുമുണ്ട്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ഏറ്റെടുക്കേണ്ട ഒരു പ്രവർത്തനവും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. എല്ലാവർഷവും മത്സരാർഥികൾക്ക് ഭക്ഷണം നൽകാറുണ്ട്. എന്നാൽ, യുഡിഎഫ് സർക്കാരിന്റെ തീരുമാനം കായികതാരങ്ങളെ പട്ടിണിക്കിടുന്നതായിരുന്നു. ഇതടക്കമുള്ള വിഷയങ്ങളിൽ വ്യാപക പരാതി ഉയർന്നപ്പോഴും ഗെയിംസ് നല്ല നിലയിൽ നടത്താൻ നിർദേശം നൽകാനും മന്ത്രി തയ്യാറായില്ല.
ഇതുവരെ നടത്തിപ്പിന്റെ ഉത്തരവാദിത്വം വിദ്യാഭ്യാസ വകുപ്പിനാണെന്ന് പറഞ്ഞ മന്ത്രി പൊതുജനത്തെ കബളിപ്പിക്കാൻ കായിക വകുപ്പ് പ്രത്യേകം അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു. സംഭവത്തിൽനിന്ന് ശ്രദ്ധമാറ്റാൻ സ്‌പോർട്‌സ് കോംപ്ലക്‌സിനകത്തെ ബോക്‌സിങ് റിങ്ങും നീന്തൽക്കുളവും അടയ്‌ക്കാൻ ഉത്തരവിടുകയും ചെയ്‌തു.
സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന മേളയിലെ വീഴ്‌ചകൾക്കെതിരെ കോൺഗ്രസ് നേതാക്കളായ രാജൻ ജെ പല്ലൻ എംഎൽഎ, മേയർ നിജി ജസ്റ്റിൻ എന്നിവരടക്കം രംഗത്തുവന്നിരുന്നു.








0 comments