print edition കായികമേഖലയിൽ ഒന്നുംചെയ്‌തില്ലെന്നത് കള്ളം; 10 വർഷം, 5000 കോടിയുടെ പദ്ധതികൾ

തിരുവനന്തപുരം: കഴിഞ്ഞ 10 വർഷം എൽഡിഎഫ് സർക്കാർ കായികമേഖലയിൽ നടപ്പാക്കിയത് 5000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം. 1000 കോടി കിഫ്ബി ഫണ്ടും 4000 കോടി പ്ലാൻ ഫണ്ടും എംഎൽഎ ഫണ്ടും ഉപയോഗപ്പെടുത്തിയാണ് എല്ലാ ജില്ലയിലും വികസനമെത്തിച്ചത്. ഇതെല്ലാം മറച്ചുവച്ചാണ് ചിലകേന്ദ്രങ്ങൾ 10 വർഷം കായികരംഗത്ത് കേരളത്തെ ഒന്നുമല്ലാതാക്കി എന്ന വാർത്ത പ്രചരിപ്പിക്കുന്നത്.
ഒരു ദശാബ്‌ദത്തിൽ സ്‌പോർട്‌സ് ക്വാട്ടയിൽ നടത്തിയത് റെക്കോഡ് നിയമനം. 998 കായികതാരങ്ങൾക്ക് ജോലി നൽകി. 2020–-24 കാലയളവിൽ ഒഴിവുള്ള 243 തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് നടപടി തുടങ്ങി. എന്നാൽ, ഉമ്മൻചാണ്ടി സർക്കാർ നിയമനം നൽകിയത് 110 പേർക്ക് മാത്രം.
2011- –16ൽ യുഡിഎഫ് സർക്കാർ അടിസ്ഥാന സൗകര്യ വികസനത്തിന് ചെലവിട്ടത് 300 കോടി മാത്രം. ഉമ്മൻചാണ്ടി സർക്കാർ അധികാരംവിട്ടൊഴിയുന്പോൾ ഉണ്ടായിരുന്നത് രണ്ട് സിന്തറ്റിക് ട്രാക്ക് മാത്രം. എൽഡിഎഫ് അത് 25 ആക്കി ഉയർത്തി. 2011–2016 കാലത്ത് ഒരു ബജറ്റിലും 100 കോടിയിലധികം രൂപ നീക്കിവച്ചില്ല. രണ്ടാം പിണറായി സർക്കാർ അവസാന ബജറ്റിലും 400 കോടി രൂപ വകയിരുത്തി.
വിവിധ മണ്ഡലങ്ങളിൽ 20 അത്യാധുനിക ഫിറ്റ്‌നസ് സെന്റർ, 30 കേന്ദ്രങ്ങളിൽ ഓപ്പൺ ജിം എന്നിവയും ആരംഭിച്ചു. ആദ്യമായി കായികനയം നടപ്പാക്കി. ജി വി രാജ സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവ വിദ്യാഭ്യാസ വകുപ്പിൽനിന്ന് ഏറ്റെടുത്തു. രാജ്യാന്തര മത്സരങ്ങളിൽ മെഡൽനേടുന്ന പാരാ കായികതാരങ്ങൾക്ക് പാരിതോഷികം നൽകിത്തുടങ്ങിയതും നേട്ടമാണ്.
പാരീസ്, ടോക്യോ ഒളിമ്പിക്‌സുകളിൽ വെങ്കലം നേടിയ ഹോക്കി താരം പി ആർ ശ്രീജേഷിന് രണ്ടുകോടി രൂപ വീതം പാരിതോഷികം നൽകി. ജോലിയിൽ സ്ഥാനക്കയറ്റവും നൽകി. കേരളത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മെഡൽ ജേതാവായ മാനുവൽ ഫ്രെഡറിക്കിന് വീട് നിർമിച്ചു നൽകി. സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗം കെ പി രാഹുലിന് വീടും ജോലിയും നൽകി. ഫുട്‌ബോൾതാരം ആര്യശ്രീ, ദേശീയ ഗെയിംസ് സ്വർണംനേടിയ ട്രിപ്പിൾ ജന്പ്‌താരം വി ഷീന എന്നിവർക്കും വീട് നൽകി.








0 comments