കേരളത്തിലെ എസ്ഐആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 25 ലക്ഷത്തോളം പേർ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന (എസ്ഐആർ)യുടെ കരട് പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിച്ചു. 24,08,503 പേർ പട്ടികയ്ക്ക് പുറത്താണ്. https://voters.eci.gov.in എന്ന വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. ആകെ വോട്ടർമാരിലെ 8.65 ശതമാനം പേരെയാണ് വിവിധ കാരണങ്ങളാൽ ഒഴിവാക്കിയത്. അംഗീകൃത രാഷ്ട്രീയപാർടികൾക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ പട്ടിക കൈമാറി.
2,78,50,856 ആയിരുന്നു വോട്ടർമാർ. 2,54,42,352 (91.35%) പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ച് തിരികെ നൽകിയതെന്ന് സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 6,49,885 ആണ് മരിച്ചവരുടെ എണ്ണം കണ്ടെത്താനുള്ളവർ - 6,45,548.
വോട്ടർപ്പട്ടികയിൽ ഇന്നുമുതൽ പേരുചേർക്കാം
എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകാനാവാത്തവർക്കും കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്കും ഡിസംബർ 23 മുതൽ ജനുവരി 22 വരെ പുതുതായി പേരുചേർക്കാൻ അവസരമുണ്ടാകും. ജനുവരി 22 വരെ അവകാശവാദവും എതിർപ്പുകളും അറിയിക്കാം. ഓരോ നിർദേശത്തിനും പ്രത്യേകം ഫോമുണ്ടാകും. പേര് ചേർക്കാൻ ഫോം 6, എൻആർഐ പൗരന്മാർക്ക് ഫോം 6 എ, പേര് നീക്കാൻ (മരണം, സ്ഥലം മാറ്റം, ഇരട്ടിപ്പ് തുടങ്ങിയവ) ഫോം 7, തിരുത്തലിനോ താമസസ്ഥലം മാറ്റാനോ ഫോം 8 എന്നിവ ഉപയോഗിക്കണം. https://voters.eci.gov.in ലിങ്കിലൂടെ ഫോം ലഭിക്കും. ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിച്ച് തീരുമാനമെടുക്കും.
കരട് പട്ടികയിൽ ഉൾപ്പെട്ട ആരെയെങ്കിലും ഹിയറിങ്ങിനുശേഷം ഒഴിവാക്കിയാൽ ഇആർഒയുടെ ഉത്തരവ് തീയതി മുതൽ 15 ദിവസത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ഡിഇഒ) ഒന്നാം അപ്പീൽ നൽകാം. ഇതിലെ തീരുമാനം തൃപ്തികരമല്ലെങ്കിൽ ഡിഇഒയുടെ ഒന്നാം അപ്പീൽ ഉത്തരവ് തീയതിമുതൽ 30 ദിവസത്തിനകം മുഖ്യ തെരഞ്ഞെടുപ്പ് ഒ-ാഫീസർക്ക് രണ്ടാം അപ്പീൽ നൽകാം. ഫെബ്രുവരി 21ന് അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിക്കും.










0 comments