എസ്‌ഐആർ: എതിർപ്പും പരാതിയും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: കേരളത്തിൽ തീവ്രവോട്ടർപ്പട്ടിക പരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് എതിർപ്പുകളും പരാതികളും അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബർ 23ന് ആണ് കേരളത്തിൽ കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്. ജനുവരി 22 വരെയാണ് പരാതികളും എതിർപ്പുകളും അറിയിക്കാനുള്ള സമയപരിധി ആദ്യം നിശ്‌ചയിച്ചിരുന്നത്. തീയതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിരുന്നു. ഇൗ പശ്‌ചാത്തലത്തിലാണ് സമയപരിധി 30 വരെ നീട്ടിയത്.
അതേസമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനാ നടപടികളിൽ ദുരൂഹത ഒഴിയുന്നില്ല. ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിലാണ് ദുരൂഹത. 26,01,201 പേരെ ഉൾപ്പെടുത്തിയതായാണ് കമീഷന്റെ വെബ്‌സൈറ്റിലുള്ളത്. ഇൗ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് കത്ത് നൽകി. ഇത്രയധികം പേർ എങ്ങനെ ഉൾപ്പെട്ടു എന്നത് ദുരൂഹമാണ്. ലഭിക്കുന്ന അപേക്ഷകളുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കണമെന്നും പകർപ്പ് രാഷ്‌ട്രീയ പാർടികൾക്ക് ലഭ്യമാക്കണമെന്നും കത്തിലുണ്ട്.










0 comments