print edition കോൺഗ്രസ് അനുകൂല സംഘടനയുടെ ശുപാർശ; സെക്രട്ടറിയറ്റിലും സ്ഥലംമാറ്റം

സെക്രട്ടറിയറ്റ്
തിരുവനന്തപുരം : കോൺഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടറിയറ്റ് അസോസിയേഷന്റെ ശുപാർശയിൽ സെക്രട്ടറിയറ്റിലും സ്ഥലംമാറ്റം. സംസ്ഥാന പ്രോട്ടോകോൾ ഓഫീസറായി എം എസ് ഇർഷാദിനെ നിയമിച്ച് കഴിഞ്ഞദിവസം ഉത്തരവിറക്കിയിരുന്നു. കേരള സെക്രട്ടറിയറ്റ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റുകൂടിയായ ഇർഷാദ് മുമ്പ് പാർലമെന്ററികാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറിയായിരുന്നു. കൂടാതെ പൊതുഭരണ വകുപ്പിലെ തന്ത്രപ്രധാന തസ്തികകളിൽ അഴിച്ചുപണി നടത്തിയിട്ടുണ്ട്.
പ്രോട്ടോകോൾ ഓഫീസറായിരുന്ന എം എസ് ഹരികൃഷ്ണനെ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ സ്ഥാനത്തേക്കാണ് മാറ്റിയത്. പൊതുഭരണ സ്‌പെഷ്യൽ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി എൻ പ്രസീനയെയും ഹൗസ് കീപ്പിങ് വിഭാഗത്തിലെ അഡീഷണൽ സെക്രട്ടറിയായി എ എൻ സീനയെയും സർവീസസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി ബി എസ് അരവിന്ദിനെയും നിയമിച്ചു. പൊതുഭരണ വകുപ്പിൽ സ്ഥലംമാറ്റം കൈകാര്യം ചെയ്തിരുന്ന അഡീഷണൽ സെക്രട്ടറി ബി സുധയെ ചട്ടവിരുദ്ധമായി കോഴിക്കോട് നോർക്ക അറ്റസ്‌റ്റേഷൻ ഓഫീസറാക്കി സ്ഥലംമാറ്റി. നെടുമങ്ങാട് സ്വദേശിയാണ് ഇവർ.
വിവിധ വകുപ്പുകളിലും ചട്ടവിരുദ്ധ സ്ഥലംമാറ്റങ്ങൾ നടക്കുന്നുണ്ട്. ഇടതുപക്ഷ അനുകൂലികളായ ജീവനക്കാരെ തെരഞ്ഞുപിടിച്ചാണ് മാറ്റുന്നത്. സഹകരണ വകുപ്പിൽ കൊല്ലത്ത് ഓഫീസ് അറ്റൻഡന്റുമാരെ അന്യായമായി സ്ഥലംമാറ്റിയുള്ള ജില്ലാ സഹകരണസംഘം ജോയിന്റ് ഡയറക്ടറുടെ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്റ്റേ ചെയ്തിരുന്നു. സ്‌റ്റേ ചെയ്‌തിട്ടും സ്ഥലംമാറ്റം പിൻവലിച്ചുള്ള ഉത്തരവിറക്കാൻ പല ഉദ്യോഗസ്ഥരും തയ്യാറായില്ല.











0 comments