print edition ഫിറ്റ്നസില്ലാതെ സ്കൂളുകൾ: കുഞ്ഞുങ്ങളുടെ സുരക്ഷയ്ക്ക് വിലയില്ല


ബിജോ ടോമി
Published on Sep 20, 2026, 01:30 AM | 1 min read
തിരുവനന്തപുരം : സ്കൂൾ തുറന്ന് നാലുമാസമായിട്ടും സംസ്ഥാനത്ത് 49 സ്കൂളുകൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്നു. എട്ട് വിദ്യാഭ്യാസ ജില്ലയിലും ഒമ്പത് വിദ്യാഭ്യാസ ഉപജില്ലയിലുമായി 47 അൺഎയ്ഡഡ്, രണ്ട് എയ്ഡഡ് വിദ്യാലയങ്ങക്കാണ് സർട്ടിഫിക്കറ്റില്ലാത്തത്.
70 സ്കൂളുകൾക്ക് താൽക്കാലിക ഫിറ്റ്നസെയുള്ളു.
20 വിദ്യാഭ്യാസ ഉപജില്ലയിലെ 53 സ്കൂളുകൾക്കും ജില്ലാ വിദ്യാഭ്യാസ ഓഫീസുകളുടെ അധികാര പരിധിയിലെ 17 സ്കൂളിനുമാണ് താൽക്കാലിക ഫിറ്റ്നസ്. സർക്കാർ വിദ്യാലയങ്ങൾ – 30, എയ്ഡഡ് – 37, അൺ എയ്ഡഡ് – മൂന്ന് എന്നിങ്ങനെ. വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിൽ ആകെയുള്ള 162 വിദ്യാഭ്യാസ ഉപജില്ലയിൽ 93 ഇടത്തുനിന്നും 38 വിദ്യാഭ്യാസ ജില്ലയിൽ 17 ഇടത്തുനിന്നുള്ള വിവരമെ ലഭ്യമായിട്ടുള്ളു.
ഭൂരിഭാഗം ഇടങ്ങളിലെ അൺഎയ്ഡഡ് സ്കൂളുകളുടെ വിവരം മറുപടിയിലില്ല. കൂടുതൽ ഉപജില്ലാ കണക്കുകൾ കൂടി ചേരുമ്പോൾ ഫിറ്റ്നസില്ലാത്ത സ്കൂളുകളുടെ എണ്ണം ഇനിയും ഉയരും. കേരള വിദ്യാഭ്യാസ ചട്ടം (കെഇആർ) അനുസരിച്ച് ഓരോവർഷവും തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷമെ ക്ലാസ് തുടങ്ങാവു.
ഫിറ്റ്നസ് ഉറപ്പാക്കുന്നതിന് എൽഡിഎഫ് സർക്കാർ പ്രാധാന്യം നൽകിയിരുന്നു. യുഡിഎഫ് സർക്കാർ പിന്നോട്ടുപോയതോടെ മാനേജ്മെന്റുകളും അലംഭാവം കാട്ടി. കെട്ടിടത്തിന്റെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, അപകടകരമായ കുഴികൾ, മരങ്ങൾ, കിണറുകളുടെ സംരക്ഷണ ഭിത്തി, വൈദ്യുത സുരക്ഷ, ശുചിത്വം തുടങ്ങിയവ പരിശോധിച്ചാണ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. സ്കൂൾ തുറക്കുന്നത് വൈകാതിരിക്കാൻ നല്കുന്ന താൽക്കാലിക സർട്ടിഫിക്കറ്റിന് മൂന്ന് മാസമെ കാലാവധിയുള്ളു.









0 comments