print edition വേനലവധി വെട്ടിക്കുറച്ചെന്ന പ്രചാരണം; നിയമനടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളിലെ മധ്യവേനൽ അവധി ഒരു മാസമായി കുറച്ച് ഉത്തരവിറങ്ങിയെന്ന സമൂഹമാധ്യമങ്ങളിലെ പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. കെ വാസുകി.
മുൻ നിശ്ചയിച്ച പ്രകാരം തന്നെയാണ് അവധി. ഇതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ വ്യാജരേഖ ചമച്ചാണ് തെറ്റായ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്. വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർക്കിടയിൽ ആശയക്കുഴപ്പവും പരിഭ്രാന്തിയും സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിത്.
നിലവിലെ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി സർക്കാർ യാതൊരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും പദവിയും ദുരുപയോഗം ചെയ്ത് വ്യാജരേഖ നിർമ്മിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാസുകി അറിയിച്ചു. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയെന്നും അവർ പറഞ്ഞു.









0 comments