print edition സ്കൂളിൽ ഉച്ചഭക്ഷണം മുടക്കുന്നു

എ ഐ നിർമിത ചിത്രം
കോഴിക്കോട്: സ്കൂൾ ഉച്ചഭക്ഷണ പദ്ധതി അട്ടിമറിക്കുന്ന നീക്കവുമായി യുഡിഎഫ് സർക്കാർ. വർഷങ്ങളായി ബാങ്ക് മുഖേന സ്കൂൾ അധികൃതർ നേരിട്ട് ഉച്ചഭക്ഷണ ഫണ്ട് കൈപ്പറ്റിയിരുന്ന രീതി ഉപേക്ഷിച്ച് ബിഐഎംഎസ് (ബിൽ ഇർഫർമേഷൻ ആൻഡ് മാനേജ്മെന്റ് സിസ്റ്റം) മുഖേന ട്രഷറി വഴി വിതരണം ചെയ്യാനാണ് പരിപാടി.
പുതിയ ഉത്തരവ് പ്രകാരം ഉപജില്ലകളുടെ അക്കൗണ്ടുകളിലേക്കാണ് തുക ലഭിക്കുക. സ്കൂളുകളിൽനിന്ന് ലഭിക്കുന്ന ബില്ലുകൾ പരിശോധിച്ച് അനുവദനീയമായ തുക മാത്രമാണ് അക്കൗണ്ടിലേക്ക് കൈമാറുക. ഉച്ചഭക്ഷണത്തിന്റെയും പോഷകാഹാരങ്ങളായ പാലും മുട്ടയും വിദ്യാർഥികൾക്ക് ലഭ്യമാക്കുന്ന സപ്ലിമെന്ററി ന്യൂട്രീഷ്യൻ പദ്ധതിയുടെയും ഫണ്ട് വിതരണമാണ് ഇത്തരത്തിലാകുക.
ഉച്ചഭക്ഷണ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് അനുവദിക്കുന്നത്. സപ്ലിമെന്ററി ന്യൂട്രീഷ്യൻ പദ്ധതിയിലെ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ് അനുവദിക്കുന്നത്. നിലവിൽ ജൂലൈയിലെ ഫണ്ട് മാത്രമാണ് പല ജില്ലകളിലും ലഭിച്ചിട്ടുള്ളത്.
അതും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അക്കൗണ്ടിൽ അവശേഷിച്ച തുകയാണ് ജൂൺ, ജൂലൈ മാസങ്ങളിലെ ഫണ്ടായി വിതരണം ചെയ്തത്. ഇത് രണ്ട് മാസത്തെ ഫണ്ട് യുഡിഎഫ് സർക്കാർ മുൻകൂറായി അനുവദിച്ചെന്ന തരത്തിൽ യുഡിഎഫിന്റെ അധ്യാപക സംഘടനകൾ വ്യാജപ്രചാരണം നടത്തിയിരുന്നു.
ഫണ്ട് മുൻകൂറായി ലഭിക്കാത്തതിനാൽ മിക്കയിടത്തും അധ്യാപകർ സ്വന്തം കാശ് മുടക്കി സാധനങ്ങൾ വാങ്ങേണ്ട അവസ്ഥയാണ്. പുതിയ ഉത്തരവ് സ്ഥിതി കൂടുതൽ സങ്കീർണമാക്കി.
ഭക്ഷ്യവസ്‌തുക്കൾക്കും പാചക വാതക സിലിണ്ടറിനുമെല്ലാം വില കുതിച്ചതും ഉച്ചഭക്ഷണ പദ്ധതിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പോഷകാഹാര പദ്ധതിയിൽ ആഴ്‌ചയിൽ ഒരു ദിവസം മുട്ടയും രണ്ടു ദിവസം പാലുമാണ് നൽകേണ്ടത്. നിലവിൽ വിദ്യാർഥികൾക്ക് അനുവദിക്കുന്ന വിഹിതപ്രകാരം പദ്ധതിയുമായി അധികം മുന്നോട്ടുപോകാൻ കഴിയില്ലെന്നാണ് അധ്യാപകരും പാചകത്തൊഴിലാളികളും പറയുന്നത്.









0 comments