Deshabhimani

സംസ്ഥാന സ്കൂൾ കായികമേള ; അമ്പെയ്ത്തിലും റോളർ സ്കേറ്റിങ്ങിലും 
ജൂനിയർ വിഭാഗത്തെ ഉൾപ്പെടുത്തണം : ഹെെക്കോടതി

kerala school games
വെബ് ഡെസ്ക്

Published on Oct 01, 2025, 01:08 AM | 1 min read


കൊച്ചി

സംസ്ഥാന സ്കൂൾ കായികമേളയിൽ അടുത്ത അധ്യയന വ‌‌ർഷംമുതൽ അമ്പെയ്ത്തിൽ അണ്ടർ 14, റോളർ സ്കേറ്റിങ്ങിൽ അണ്ടർ 17 വിഭാഗം മത്സരങ്ങൾ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി. സബ്ജില്ലാ, ജില്ലാ, സംസ്ഥാനതലങ്ങളിൽ ഇപ്രകാരം മത്സരം സംഘടിപ്പിക്കണമെന്നും സർക്കാരിനോട് നിർദേശിച്ചു. സംസ്ഥാന, ദേശീയ സ്കൂൾ ഗെയിംസുകളുടെ മത്സരക്രമമായതിനാൽ ഇത്തവണത്തേക്ക് ഒഴിവാക്കുകയാണെന്നും കോടതി പറഞ്ഞു. മുതിർന്നവരോടൊപ്പം മത്സരിക്കുമ്പോൾ അവസരങ്ങളെ ബാധിക്കുന്നുവെന്ന്‌ ചൂണ്ടിക്കാട്ടി ജൂനിയർ താരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ നഗരേഷിന്റെ ഉത്തരവ്.


അന്പെയ്‌ത്തിൽ കേരളത്തിൽ അണ്ടർ 17, അണ്ടർ 19 കാറ്റഗറിയിലും റോളർ സ്കേറ്റിങ്ങിൽ അണ്ടർ 19 വിഭാഗത്തിലുമാണ് മത്സരങ്ങൾ. അതിനാൽ ജൂനിയർ വിദ്യാർഥികൾക്ക് മുന്നേറാനാകുന്നില്ലെന്നാണ് പരാതി. എന്നാൽ, പ്രൈമറി വിഭാഗത്തിന് പ്രത്യേക മീറ്റുകളുണ്ടെന്നും മുതിർന്നവരുടെ വിഭാഗത്തിൽ മത്സരിക്കണമെന്ന് നിർബന്ധിക്കാറില്ലെന്നും സർക്കാർ ബോധിപ്പിച്ചു. ആറുമുതൽ 14 വയസ്സുവരെയുള്ളവരുടെ വിദ്യാഭ്യാസം മൗലികാവകാശമാണെന്നും കായിക മത്സരങ്ങൾ ഇതിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. കായികമേളയുടെ മാന്വലിൽ ഇടപെടാൻ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home