print edition ഒന്നാം ക്ലാസ് പ്രവേശനം: 2027 മുതൽ 6 വയസ്സ് പരിഗണിച്ചേക്കും

തിരുവനന്തപുരം: സ്കൂളുകളിൽ 2-027 മുതൽ ആറുവയസ്സിൽ പ്രവേശനം സാധ്യമാക്കുന്നതിൽ ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് വിലയിരുത്തൽ. ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നതിൽ 60 ശതമാനം വിദ്യാർഥികളും ആറുവയസ്സുകാരാണെന്നാണ് നിരീക്ഷണം. 2027–- 28 അധ്യയനവർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം ആറുവയസ്സായി ഉയർത്തണമെന്ന് നിർദേശിച്ച് എസ്-സിഇആർടി സർക്കാരിലേക്ക് റിപ്പോർട്ടും സമർപ്പിച്ചു. ആറുവയസ്സിൽ കുട്ടികൾക്ക് ഔപചാരിക സ്കൂൾ ക്രമീകരണങ്ങൾ, ക്ലാസ് റൂം നിയമങ്ങൾ എന്നിവയുമായി കൂടുതൽ പൊരുത്തപ്പെടാനാകുമെന്നാണ് റിപ്പോർട്ട്.
ആറ് വയസ്സിലേക്ക് പ്രായപരിധി മാറുന്നത് കേരളത്തിലെ വിദ്യാഭ്യാസ നിലവാരത്തെ ആഗോള നിലവാരവുമായി സമന്വയിപ്പിക്കാൻ സാധ്യത തുറക്കും. വിദ്യാഭ്യാസ അവകാശ നിയമം 2009 പ്രകാരം ആറുമുതൽ 14 വയസുവരെയുള്ള കുട്ടികൾക്കാണ് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നത്. രാജ്യത്തെ 24 സംസ്ഥാനങ്ങളിലും ഒന്നാം ക്ലാസ് പ്രവേശനം ഇൗ പ്രായത്തിലാണ്.
അതേസമയം, 2027ൽ പ്രായപരിധി ഉയർത്തുന്ന ഘട്ടത്തിൽ പ്രീപ്രൈമറി വിദ്യാഭ്യാസ മേഖലയിലുള്ള ഒരു ബാച്ച് വിദ്യാർഥികൾക്ക് പ്രവേശനം സാധ്യമാകില്ല. ഈ സാഹചര്യം മുന്നിൽകണ്ട് പ്രീ പ്രൈമറി ഘട്ടത്തിൽ അധിക ക്ലാസ് എന്ന നിലയിൽ ബാലവാടിക വിദ്യാഭ്യാസവും പരിഗണിക്കുന്നുണ്ട്. അഞ്ച്, ആറ് വയസ്സുകാരെയാണ് ബാലവാടികയിൽ ഉൾപ്പെടുത്തുക.










0 comments