print edition നോൺ പ്ലാൻ ഫണ്ട് അനുവദിച്ചില്ല: ശമ്പളമില്ലാതെ സാഹിത്യ അക്കാദമി ജീവനക്കാർ

വൃത്തിഹീനമായ നിലയിൽ കിടക്കുന്ന സാഹിത്യ അക്കാദമിയിലെ ബഷീർ വേദി
തൃശൂർ: മാസം പകുതി പിന്നിട്ടിട്ടും സെപ്തംബർ ഒന്നിന് ലഭിക്കേണ്ട ശന്പളം കിട്ടാതെ കേരള സാഹിത്യ അക്കാദമി ജീവനക്കാർ. സർക്കാർ കൃത്യമായി നോൺ പ്ലാൻ ഫണ്ട് അനുവദിക്കാത്തതിനെത്തുടർന്ന് 45 ജീവനക്കാരാണ് ശന്പളമില്ലാതെ വലയുന്നത്. സാധാരണ വർഷത്തിൽ നാലു തവണയാണ് സാഹിത്യ അക്കാദമിക്ക് നോൺ പ്ലാൻ ഫണ്ട് ലഭിക്കാറ്. ഏതാനും മാസങ്ങളായി അതത് മാസത്തേക്ക് ഫണ്ട് അനുവദിക്കുന്ന രീതിയാണ്. ഇതുമൂലം ഓരോമാസവും പ്രത്യേകം ഉത്തരവ് ഇറങ്ങേണ്ട സാഹചര്യം രൂപപ്പെട്ടതിനെത്തുടർന്നാണ് ശന്പളം അനന്തമായി വൈകുന്നത്.
സാഹിത്യ അക്കാദമിയിൽ നോൺ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ശന്പളം നൽകുന്നത്. ദൈനംദിന പ്രവർത്തനങ്ങൾ, പുസ്തക പ്രസിദ്ധീകരണം, പുസ്തകോത്സവങ്ങൾ, സാഹിത്യോത്സവങ്ങൾ തുടങ്ങിയവയ്ക്ക് പ്ലാൻ ഫണ്ട് ഉപയോഗിക്കും. പുതിയ സാന്പത്തിക വർഷം ആരംഭിച്ചശേഷം പ്ലാൻ ഫണ്ട് ലഭിച്ചിട്ടില്ല. ഭരണസമിതി നിലവിലില്ലാത്തതിനാൽ പ്ലാൻ ഫണ്ട് ലഭിച്ചാലും വിനിയോഗിക്കാനും കഴിയില്ല. വീതംവയ്പിലെ തർക്കംമൂലം ഇതുവരെ സാംസ്കാരിക സ്ഥാപനങ്ങളിലെ അധ്യക്ഷരെയും സെക്രട്ടറിമാരെയും നിർവാഹക സമിതിയെയും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല.
ഭരണസമിതി വരാത്തതും പ്ലാൻഫണ്ട് ലഭിക്കാത്തതും അക്കാദമിയുടെ പ്രവർത്തനങ്ങളെ ബാധിച്ചുതുടങ്ങി.
അന്താരാഷ്ട്ര സാഹിത്യോത്സവം, പുസ്തകോത്സവം, അവാർഡ് പ്രഖ്യാപനം, പുസ്തകങ്ങളുടെ പ്രസാധനം, ലൈബ്രറിയിലേക്ക് പുസ്തകം വാങ്ങൽ തുടങ്ങിയവയെല്ലാം നിലച്ചിരിക്കുകയാണ്. അക്കാദമി കെട്ടിടങ്ങളുടെയും ഓഡിറ്റോറിയങ്ങളുടെയും അറ്റകുറ്റപ്പണി, അക്കാദമിയുടെ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളുടെ അറ്റകുറ്റപ്പണി എന്നിവ നടത്താനായില്ല. അക്കാദമി വളപ്പിലെ ഓപ്പൺ ഓഡിറ്റോറിയമായ ബഷീർവേദി വാർഷിക അറ്റകുറ്റപ്പണി നടത്താതെ വൃത്തിഹീനമായ അവസ്ഥയിലാണ്. ഇലക്ട്രിക്കൽ മെയിന്റനൻസ് തനതുഫണ്ടിൽനിന്ന് പണമെടുത്താണ് നടത്തുന്നത്. സ്വീപ്പർമാർ ഉൾപ്പെടെയുള്ളവർക്കുപോലും ശന്പളം നൽകാൻ കഴിയാത്ത അവസ്ഥയാണ്.
കേരള സാഹിത്യ അക്കാദമിയുടെ നിയന്ത്രണത്തിലുള്ള പുന്നയൂർക്കുളത്തെ കമലസുരയ്യ സ്മാരകം, ഇരവിമംഗലത്തെ സുകുമാർ അഴീക്കോട് സ്മാരകം, വലപ്പാട്ടെ കുഞ്ഞുണ്ണിമാസ്റ്റർ സ്മാരകം, തിരുവില്വാമലയിലെ വി കെ എൻ സ്മാരകം എന്നിവയുടെ ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും അവതാളത്തിലാണ്.









0 comments