print edition റേഷൻ മണ്ണെണ്ണ വിലകൂട്ടി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുട്ടിൽ തള്ളിയതിന് പിന്നാലെ റേഷൻ മണ്ണെണ്ണയുടെ വിലയും കൂട്ടി യുഡിഎഫ് സർക്കാർ. കേന്ദ്രസർക്കാർ മണ്ണെണ്ണവിഹിതം വെട്ടിക്കുറച്ചതിന് പിന്നാലെയാണ് യുഡിഎഫ് സർക്കാരിന്റെ ഇരുട്ടടി. 71 രൂപയുണ്ടായിരുന്ന റേഷൻ മണ്ണെണ്ണ, ഇൗ മാസം മുതൽ 77 രൂപയ്ക്ക് വിൽക്കാനാണ് നിർദേശം.
വിഹിതത്തിൽ 16.08 ലിറ്റർ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചപ്പോൾ തന്നെ മത്സ്യത്തൊഴിലാളികളടക്കം പ്രതിസന്ധിയിലായിരുന്നു. ഇതിനുപിന്നാലെയാണ് വില കുത്തനെ കൂട്ടിയത്.
56.76 ലക്ഷം ലിറ്ററായിരുന്നതാണ് കേന്ദ്രസർക്കാർ 40.68 ലക്ഷം ലിറ്ററായി വെട്ടിക്കുറച്ചത്. വർഷത്തിൽ നാലുപാദത്തിലായാണ് മണ്ണെണ്ണവിഹിതം നൽകുന്നത്. ഇതിൽ മൂന്നിലും വെട്ടിക്കുറവുണ്ടായി. ജൂലൈ–സെപ്‌തംബറിലെ വിഹിതമാണ് ഒടുവിൽ വെട്ടിക്കുറച്ചത്. ഓണം, കാലാവസ്ഥ, വൈദ്യുതിപ്രതിസന്ധി എന്നിവ മുൻകൂട്ടിക്കണ്ട് നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാൻപോലും സംസ്ഥാന സർക്കാർ തയ്യാറായില്ല.
സംസ്ഥാനത്ത് 95 ലക്ഷത്തോളം റേഷൻ കാർഡുടമകളിൽ 5.94 ലക്ഷം മഞ്ഞ കാർഡുകാർക്ക് ഒരു ലിറ്ററും, മറ്റുള്ളവർക്ക് അര ലിറ്ററുമാണ് മണ്ണെണ്ണവിഹിതം. ഇത്തവണ മീൻപിടിത്ത ബോട്ടുകൾക്കുള്ള വിഹിതംകൂടി നൽകാൻ കേന്ദ്രം നിർദേശിച്ചതോടെ മണ്ണെണ്ണവിതരണം താളംതെറ്റും.
എൻജിൻശേഷി അനുസരിച്ച് 40 മുതൽ 130 ലിറ്റർവരെ മണ്ണെണ്ണയാണ് ഓരോ വള്ളത്തിനുമാകുന്നത്. വിഹിതത്തിൽ വെട്ടിക്കുറവുണ്ടായതോടെ മതിയായ മണ്ണെണ്ണ കിട്ടുന്നില്ല. ഇതോടെ കൂടിയ വിലയ്‌ക്ക് പുറത്ത് നിന്ന് വാങ്ങേണ്ട ഗതികേടിലാണ് മത്സ്യത്തൊഴിലാളികൾ.









0 comments