ഒടുവിൽ മഴയെത്തി; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായെത്തിയ മഴ ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്.
നാളെ എട്ടു ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സെപ്റ്റംബർ 26 വരെ മഴ തുടരുമെന്നും മണിക്കൂറിൽ 30 - 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശുമെന്നും മുന്നറിയിപ്പുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിന്റെ ഭാഗമായാണ് മഴയുണ്ടായിരിക്കുന്നത്.
അതുകൊണ്ട് കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിലുള്ളവർ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്. സെപ്റ്റംബർ 26 നു ശേഷം കനത്ത മഴയ്ക്ക് ശമനമുണ്ടാകുമെന്നാണ് അറിയിപ്പ്.










0 comments