ad
Deshabhimani

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

rain image v k abhijith
വെബ് ഡെസ്ക്

Published on May 20, 2026, 08:20 AM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്.


നാളെ മഴ കൂടുതൽ ജില്ലകളിലേക്ക് വ്യാപിക്കുമെന്നാണ് പ്രവചനം. നാളെ (വ്യാഴാഴ്ച) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ 7 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.


24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നാളെ വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.


പൊതുജനങ്ങൾക്കായുള്ള പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:


  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി കനത്ത ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:


  • വീടിനുള്ളിൽ സുരക്ഷിതരായിരിക്കുക: ഇടിമിന്നലുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാൻ ശ്രദ്ധിക്കുക.


  • വൈദ്യുതോപകരണങ്ങൾ ഒഴിവാക്കുക: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ലാൻഡ് ഫോണുകൾ ഉപയോഗിക്കരുത്. എന്നാൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.


  • തുറസായ സ്ഥലങ്ങൾ ഒഴിവാക്കുക: അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലങ്ങളിലും ടെറസിലും കുട്ടികളെ കളിക്കാൻ വിടരുത്. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്.


  • മരച്ചുവട്ടിൽ നിൽക്കരുത്: ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യാനോ പാടില്ല.


  • യാത്രകളിൽ ശ്രദ്ധിക്കുക: ഇടിമിന്നലുള്ള സമയത്ത് കാറിനകത്തോ മറ്റ് അടച്ച വാഹനങ്ങളിലോ ഉള്ള യാത്ര സുരക്ഷിതമാണ്. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം.


  • കുളിക്കുന്നത് ഒഴിവാക്കുക: പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നതും ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക.


  • ശക്തമായ കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ മുൻകൂട്ടി കെട്ടി വെക്കാൻ ശ്രദ്ധിക്കുക.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home