Deshabhimani

print edition നേട്ടങ്ങളെ കാക്കണം

health
വെബ് ഡെസ്ക്

Published on Oct 02, 2026, 12:02 AM | 2 min read

പത്തുവർഷം എൽഡിഎഫ് സർക്കാർ കൈപിടിച്ചുയർത്തിയ കേരളത്തിലെ പൊതുജനാരോഗ്യ മേഖലയെ അനാസ്ഥയും കുത്തക മരുന്ന് കമ്പനി ചങ്ങാത്തവും കൊണ്ട് യുഡിഎഫ് സർക്കാർ തകർത്തെറിയുകയാണ്. മരുന്ന് ടെൻഡറുകൾ വൈകിപ്പിച്ച് സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കാൻ കളമൊരുക്കിയതോടെ, ആശുപത്രികളിൽ മരുന്നും ശസ്‌ത്രക്രിയകളും മുടങ്ങുന്നു. രോഗിയുടെ കാലിൽ പുഴുവരിക്കുന്ന അനാസ്ഥയും തുടർച്ചയായ മരണങ്ങളും നിത്യസംഭവമായി. ആരോഗ്യമന്ത്രി കെ മുരളീധരന്റെ സ്വകാര്യ അജൻഡ തുറന്നുകാട്ടിയും ലോകത്തിന് തന്നെ മാതൃകയായ കേരള ആരോഗ്യ മോഡലിനെ ഇല്ലാതാക്കുന്ന യുഡിഎഫ് സർക്കാർ നയത്തിനെതിരെയും രാഷ്‌ട്രീയ ഭേദമന്യേ ജനങ്ങളും വിദഗ്ധരും പ്രതികരിച്ചു തുടങ്ങി. സാധാരണക്കാരന്റെ ജീവിതംവച്ച് പന്താടുന്ന സർക്കാരിന്റെ ചതിപ്രയോഗങ്ങൾ തുറന്നുകാട്ടപ്പെടുകയാണ്.


മുൻ ആരോഗ്യ മന്ത്രിമാരായ കെ കെ ശൈലജയും വീണാ ജോർജും വിദഗ്ധരും പ്രതികരിക്കുന്നു.


മാറ്റങ്ങൾ 
അട്ടിമറിക്കപ്പെടുന്നു


എൽഡിഎഫ്‌ സർക്കാരുകൾ കേരളത്തിന്റെ ആരോഗ്യമേഖലയിൽ കൊണ്ടുവന്ന എണ്ണമറ്റ മാറ്റങ്ങൾ അട്ടിമറിക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. ആശുപത്രിയിൽ മരുന്ന്‌ പോലുമില്ലാത്ത സാഹചര്യം. കൃത്യമായി പദ്ധതികൾ ആവിഷ്‌കരിച്ച്‌ നാമുണ്ടാക്കിയ നല്ല മാതൃകകളാണ്‌ മാസങ്ങൾക്കുള്ളിൽ തകർത്തത്‌. സ്വകാര്യആശുപത്രികളിലെ വിദേശനിക്ഷേപത്തിന്‌ ചൂട്ട്‌ പിടിക്കുന്ന യുഡിഎ-ഫ്‌ സർക്കാർ നയം പാവപ്പെട്ടവരെ പാപ്പരാക്കും. കെകെആറും ബ്ലാക്ക്‌ സ്റ്റോണുമടക്കമുള്ള കമ്പനികൾ ഇവിടെ കണ്ണുവച്ചുകഴിഞ്ഞു. സർക്കാർ ആശുപത്രികളിൽ മരുന്നില്ലാതാകുകയും ചെറുകിട സ്വകാര്യ ആശുപത്രികൾ പൂട്ടിപ്പോകുകയും ചെയ്‌താൽ ഭാവിയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. കുത്തകകൾക്കുള്ള കൈവിട്ട സഹായം കൂടിയാണിത്‌. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയരണം.


കെ കെ ശൈലജ മുൻ ആരോഗ്യമന്ത്രി


വ്യാജപ്രചാരണം 
പിടിപ്പുകേട്‌ മറയ്‌ക്കാൻ


ആരോഗ്യമേഖലയിലെ പിടിപ്പുകേടും ദുർഭരണവും മറച്ചുവയ്‌ക്കാനാണ്‌ മന്ത്രി കെ മുരളീധരൻ വ്യാജപ്രചാരണങ്ങൾ നടത്തുന്നത്‌. പരിതാപകരമായ അവസ്ഥയിലൂടെയാണ്‌ സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗം കടന്നുപോകുന്നത്‌. സർക്കാർ ആശുപത്രികളിൽ മരുന്നില്ല, സർജറികൾ മുടങ്ങുന്നു. പത്തു വർഷത്തെ മുന്നേറ്റത്തെ തകർക്കുന്ന നടപടികളാണ്‌ സ്വീകരിക്കുന്നത്‌. കെഎംഎസ്‌സിഎൽ വഴിയുള്ള സുതാര്യമായ മരുന്നുസംഭരണത്തെ അട്ടിമറിച്ച്‌ അഴിമതിക്ക്‌ കളമൊരുക്കാനാണ്‌ മരുന്നുകൾക്ക്‌ ഗുണനിലവാരമില്ലെന്ന പ്രചാരണം. വൻകിട കമ്പനികളിൽനിന്ന്‌ മരുന്ന്‌ നേരിട്ടുവാങ്ങുമെന്ന്‌ പറയുന്നത്‌ മന്ത്രിക്ക്‌ ഇ‍ൗ സംവിധാനത്തെക്കുറിച്ച്‌ ധാരണയില്ലാത്തതിനാലാണ്‌. ടെൻഡറിൽ പങ്കെടുക്കേണ്ട കമ്പനികളെ സർക്കാർ നേരിട്ട്‌ നിശ്‌ചയിക്കുകയല്ല. ഗുണനിലവാരം ഉറപ്പുവരുത്താതെ ഒരിക്കലും മരുന്നുവാങ്ങാനാകില്ല. കാൻസർ രോഗികൾക്ക്‌ ബ്രാൻഡഡ്‌ ജനറിക്‌ മരുന്നുകൾ തന്നെയാണ്‌ നേരത്തെയും ലഭ്യമാക്കിയിരുന്നത്‌.


​വീണാ ജോർജ്‌ മുൻ ആരോഗ്യമന്ത്രി


കഴിഞ്ഞ പത്തുവർഷത്തിൽ നേടിയ അടിസ്ഥാനസ‍ൗകര്യ വികസനവും ആധുനിക ചികിത്സാ സ‍ൗകര്യങ്ങളും കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയ്ക്കുണ്ടാക്കിയ മാറ്റത്തെ അഭിമാനത്തോടെ കാണുന്നവരാണ്‌ ആരോഗ്യപ്രവർത്തകർ. വിദേശകമ്പനികൾക്ക്‌ കേരളത്തിന്റെ ആരോഗ്യമേഖലയിൽ പ്രവർത്തിക്കാൻ ഇടം നൽകിയാൽ എല്ലാം തകിടംമറിയും. ആരോഗ്യ ഇൻഷുറൻസ്‌ കമ്പനികളുടെ കടന്നുകയറ്റവും ഇതിന്റെ ഭാഗമായുണ്ടാകും. പതിയെ സർക്കാർ ആശുപത്രികളുടെ നിലവാരതകർച്ചയിലേക്ക്‌ ഇത്‌ നയിക്കും. ആശുപത്രികളിലെ സ‍ൗകര്യങ്ങളും മികച്ച ചികിത്സയും നിലനിർത്തുകയാണ്‌ സർക്കാർ ചെയ്യേണ്ടത്‌. ​


ഡോ. വി ആർ രാജു, ആരോഗ്യവകുപ്പ്‌ മുൻ ഡയറക്ടർ


പൊതുജനാരോഗ്യരംഗം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നത്‌ അത്ര എളുപ്പമല്ലെന്ന്‌ അധികാരത്തിലെത്തിയാൽ മാത്രമാണ്‌ മനസിലാകുക. ആരോഗ്യരംഗം വലിയ പ്രതിസന്ധിയിലാണ്‌. മരുന്നുക്ഷാമത്തിന്റെ മറവിൽ മരുന്നുകൾക്ക്‌ ഉയർന്ന വില ഇ‍ൗടാക്കി ഫാർമസികളിൽ വലിയ കൊള്ള നടക്കുന്നുണ്ട്‌. കുറഞ്ഞ സമയത്തിൽ കൂടുതൽ ലാഭം കൊയ്യാൻ നോക്കിയിരിക്കുന്ന സ്വകാര്യമേഖലയ്ക്ക്‌ വഴിയൊരുക്കുന്നതാണ്‌ സർക്കാർ മേഖലയെ പിന്നോട്ടടിക്കുന്ന ഓരോ വീഴ്‌ചയും. ആഗോള ഭീമൻമാരാണ്‌ സ്വകാര്യ ആരോഗ്യമേഖലയിൽ പിടിമുറുക്കിയിട്ടുള്ളത്‌. ​


ഡോ. ബൈജു സേനാധിപൻ പ്രസിഡന്റ്‌, അസോസിയേഷൻ ഓഫ്‌ 
സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്‌ ഓഫ്‌ കേരള






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home