print edition എന്നുതീരും ഇൗ ദുരിതം; ഇരുട്ടാണ് ഉത്തരമില്ല

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം എന്നു തീരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ സർക്കാരും മുഖ്യമന്ത്രിയും. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതിവാങ്ങി പ്രതിസന്ധി പരിഹരിക്കാൻ ഉദ്യോഗസ്ഥസംഘത്തെ അയച്ചെങ്കിലും ഒരു നടപടിയുമായില്ല.
സ്വാപ് പദ്ധതിപ്രകാരം സെപ്‌തംബറിൽ തിരിച്ചുനൽകാമെന്ന കരാറിൽ മധ്യപ്രദേശിൽനിന്നും അരുണാചൽപ്രദേശിൽനിന്നുമായി വാങ്ങിയ 350 മെഗാവാട്ട് എങ്ങനെ തിരികെ നൽകുമെന്നും തീരുമാനമായിട്ടില്ല. 15 ദിവസംകൂടി നിയന്ത്രണം തുടരേണ്ടിവരുമെന്നാണ് കെഎസ്‌ഇബി പറയുന്നത്.
കൂടുതൽ വൈദ്യുതിയെത്തിച്ച് പ്രതിസന്ധി മറികടക്കാനുള്ള ശ്രമം തുടരുന്നുവെന്നാണ് മുഖ്യമന്ത്രി വി ഡി സതീശനും വൈദ്യുതിമന്ത്രി സണ്ണി ജോസഫും ആവർത്തിക്കുന്നത്. പക്ഷേ, നാടിന് ഇരുട്ടിൽനിന്ന് മോചനമില്ല.
മഹാരാഷ്‌ട്ര, പഞ്ചാബ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങിയെടുക്കുന്നതിന് കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യം ഉൾപ്പെടെയുള്ളവർ പരിശ്രമത്തിലാണ്. രണ്ട് ഡയറക്‌ടർ ബോർഡംഗങ്ങൾ ഡൽഹിയിലും തുടരുന്നുണ്ട്. മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ ഡൽഹിയിൽനിന്ന് 200 മെഗാവാട്ട് വാങ്ങാനാണ് ശ്രമം.
അടിക്കടി വൈദ്യുതി മുടങ്ങുന്നതുകാരണം സമസ്‌തമേഖലകളിലും പ്രതിസന്ധി രൂക്ഷമാണ്. ആശുപത്രികൾ, വിദ്യാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, വൻകിട വ്യവസായ സംരഭങ്ങൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെല്ലാം ബുദ്ധിമുട്ടിലാണ്.
10 വർഷമായി വൈദ്യുതി മുടക്കം ഇല്ലാതിരുന്നതിനാൽ ജനറേറ്റർ സംവിധാനം ചെറുകിടക്കാർ ഉപേക്ഷിരുന്നു. ഇപ്പോൾ ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനത്തിനുള്ള തുകകൂടി കണ്ടെത്തേണ്ടിവരികയാണെന്ന് കച്ചവടക്കാർ പറയുന്നു.
മണ്ണെണ്ണയുടെ അളവ് വെട്ടിച്ചുരിക്കിയതിലൂടെ ചിമ്മിനി വിളക്കിന്റെ വെളിച്ചത്തിലെങ്കിലും രാത്രി കച്ചവടംനടത്താനുള്ള അവസരവും നിഷേധിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.25 വർഷത്തേക്ക് യൂണിറ്റിന് 6 രൂപ നിരക്കിൽ 4 മണിക്കൂർ നേരത്തേക്ക് വൈദ്യുതി ലഭിക്കുന്ന കരാറിൽ കെഎസ്‌ഇബി വ്യാഴാഴ്ച ഒപ്പിട്ടു. ഇൗ കരാറിലൂടെയുള്ള വൈദ്യുതി 2028 മാർച്ച് മുതലേ ലഭിച്ചുതുടങ്ങൂ.









0 comments