ad
Deshabhimani

അനധികൃത പാർക്കിംഗിനെതിരെ സംസ്ഥാനവ്യാപക നടപടി; ഒറ്റദിവസം കൊണ്ട് ഈടാക്കിയത് 61.86 ലക്ഷം രൂപ പിഴ

Traffic.jpg
വെബ് ഡെസ്ക്

Published on Jan 16, 2026, 08:07 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും സുഗമമായ യാത്ര ഉറപ്പാക്കുന്നതിനുമായി പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ലക്ഷങ്ങൾ പിഴയിട്ടു.


അനധികൃത പാർക്കിംഗിനെതിരെ സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനയിൽ ഒറ്റദിവസം കൊണ്ട് 61,86,250 രൂപയാണ് പിഴയായി ഈടാക്കിയത്. റോഡരികിലും ഫുട്പാത്തുകളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പൊലീസ് നടപടി കർശനമാക്കിയത്.


സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരിശോധന നടന്നു. സംസ്ഥാനത്തുടനീളം 12,500-ലധികം വാഹനങ്ങൾക്കെതിരെയാണ് അനധികൃത പാർക്കിംഗിന് നടപടിയെടുത്തത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ നഗരപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.


നഗരങ്ങളിലെ പ്രധാന റോഡുകളിലും തിരക്കേറിയ കവലകളിലും പാർക്കിംഗ് നിയമങ്ങൾ ലംഘിച്ചവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് സ്വീകരിച്ചത്. നോ പാർക്കിംഗ് സോണുകളിലും നടപ്പാതകളിലും വാഹനം നിർത്തിയിട്ടത് കാൽനടയാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു.


ഇതിൻ്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നിർദ്ദേശപ്രകാരം 'സ്പെഷ്യൽ ഡ്രൈവ്' സംഘടിപ്പിച്ചത്. ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് പൊലീസ് അറിയിച്ചു.


അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാൻ ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും ഇതിനുള്ള ചെലവ് വാഹന ഉടമയിൽ നിന്ന് ഈടാക്കുമെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home