print edition ട്രാൻസ്‌ജെൻഡർ യുവതിക്കെതിരെ പൊലീസുകാരന്റെ ലൈംഗികാതിക്രമം

കൊല്ലം: കൊല്ലം നഗരത്തിൽ ട്രാൻസ്‌ജെൻഡർ വനിതയ്‌ക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സിപിഒയ്ക്കെതിരെ കേസെടുത്തു. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സിപിഒ ദീപക്കിനെതിരെയാണ് കേസ്. ബുധൻ രാത്രി പത്തിന് കൊല്ലം ട്രാഫിക് സ്റ്റേഷനു സമീപത്തായിരുന്നു സംഭവം.
സുഹൃത്തിനെ കാണാൻ ഭർത്താവിനൊപ്പം എത്തിയതാണ് ട്രാൻസ്‌ജെൻഡർ വനിത. ഭർത്താവ് കാറിൽ പെട്രോൾ അടിക്കാൻപോയപ്പോൾ ഇവരെ പൊലീസുകാരൻ ഉപദ്രവിക്കുകയായിരുന്നു. പരാതിക്കാരി മുമ്പ് പൊലീസിൽ നൽകിയ കേസിന്റെ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ദീപക്ക് ഇവരെ സ്റ്റേഷനുസമീപത്തേക്ക് വിളിച്ചുവരുത്തി. തുടർന്ന് പരാതിക്കാരിയുടെ മുടിയിൽ കുത്തിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ദീപക്ക് മദ്യലഹരിയിലായിരിന്നുവെന്നും തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ലെന്നും പരാതിക്കാരി പറയുന്നു.
ബഹളംവച്ചതോടെ ദീപക്ക് ഓടി രക്ഷപ്പെട്ടു. രാത്രിയോടെ ഗവ. വിക്ടോറിയ ആശുപത്രിയിൽ ചികിത്സതേടിയ പരാതിക്കാരി ഇൗസ്റ്റ് പൊലീസിനെ വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. വ്യാഴാഴ്ച എസിപിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നടപടിയുണ്ടായത്.
പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കേസ് പിൻവലിക്കാൻ പൊലീസുകാർ സമ്മർദം ചെലുത്തിയതായും ട്രാൻസ്‌ജെന്റർ യുവതി പറഞ്ഞു. പ്രതിയുടെ ബന്ധുക്കൾ ഫോണിലൂടെ പണം വാഗ്ദാനം ചെയ്‌തു. മുമ്പ് കേസുമായി ബന്ധപ്പെട്ട് നൽകിയ തന്റെ ഫോൺ നമ്പറിൽ പൊലീസുകാർ മോശമായ സന്ദേശങ്ങൾ അയക്കാറുണ്ടെന്നും ട്രാൻസ്‌ജെന്റർ യുവതി ആരോപിക്കുന്നു.









0 comments